സ്വപ്നമല്ല,​ സത്യം ; നേരം ഇരുട്ടിവെളുത്തപ്പോൾ പ്രവാസി മലയാളിയുടെ അക്കൗണ്ടിൽ എത്തിയത് 2261 കോടി രൂപ

Sunday 26 May 2024 2:20 AM IST

തൊടുപുഴ: തന്റെ ബാങ്ക് അക്കൗണ്ടിൽ 2261 കോടി രൂപയെത്തിയതിന്റെ ഞെട്ടലിലാണ് ദുബായിൽ ബിസിനസുകാരനായ തൊടുപുഴ വെങ്ങല്ലൂർ പുളിക്കൽ സ്വദേശി അഡ്വ.സാജു ഹമീദ്.

ദുബായ് ഇസ്ലാമിക് ബാങ്കിലുള്ള (ഡി.ഐ.ബി) സാജുവിന്റെ അക്കൗണ്ടിലാണ് 100 കോടി യു.എ.ഇ ദിർഹമെത്തിയത്. ഒന്നര മാസം മുമ്പ് സാജു ദുബായിലുള്ളപ്പോഴാണ് പണം അക്കൗണ്ടിൽ ക്രെഡിറ്റായത് ശ്രദ്ധയിൽപ്പെട്ടത്. ബാങ്കിന് പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ച് ദിവസങ്ങൾക്കം ബാങ്ക് തന്നെ പണം തിരികെയെടുക്കുമെന്നും കരുതി.

നേരത്തെ സാജുവിന്റെ ഈ അക്കൗണ്ടിൽ ബാലൻസുണ്ടായിരുന്നില്ല. ദുബായിൽ തന്നെയുള്ള മഷ്‌റക് ബാങ്ക് വഴിയായിരുന്നു ഇടപാടുകൾ. ദുബായിലെ ബാങ്കിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ അറിയിച്ചപ്പോൾ ഇത്തരത്തിൽ ആക്ടീവല്ലാത്ത അക്കൗണ്ടുകളിൽ വൻതുക ക്രെഡിറ്റാകാറുണ്ടെന്നും കുറച്ച് ദിവസങ്ങൾക്കം പിൻവലിക്കുമെന്നുമാണ് പറഞ്ഞത്.

സുഹൃത്ത് പറഞ്ഞതനുസരിച്ച് ദിവസങ്ങളോളം നോക്കിയെങ്കിലും തുക ബാങ്ക് പിൻവലിച്ചില്ല. ഒരു മാസത്തോളമായി സാജു നാട്ടിലുണ്ട്. ഇത്രയുംനാൾ ഈ വിവരം അടുത്ത ബന്ധുക്കളോട് പോലും പറഞ്ഞിരുന്നില്ല. അടുത്തിടെ ചില സുഹൃത്തുക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് ഇക്കാര്യം പുറത്തുപറയുന്നത്. അടുത്ത മാസം തിരികെ ഗൾഫിലെത്തിയ ശേഷം ബാങ്കിൽ നേരിട്ടെത്തി വിവരമറിയിക്കാനാണ് തീരുമാനം.