മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സർക്കാരിന്റെ വിചിത്രവാദം തളളി ഹൈക്കോടതി

Sunday 26 May 2024 10:01 AM IST

കോഴിക്കോട്: പ്ലസ് വണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന ഹർജിയിൽ വിചിത്ര വാദവുമായി സംസ്ഥാന സർക്കാർ. പ്ലസ് വൺ സീറ്റില്ലെന്ന് ഒരു വിദ്യാർത്ഥി പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഗണിച്ച് പുതിയ പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട മലപ്പുറം എ ആർ നഗർ ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ നൽകിയ ഹർജിയിലാണ് സർക്കാർ വിചിത്രമായ വാദം ഉയർത്തിയത്.

കൂടുതൽ പ്ലസ് വൺ സീറ്റില്ലെന്നും ബാച്ചനുവദിക്കണമെന്ന പരാതിയുമായി സർക്കാരിനെ സമീപിച്ചിരിക്കുന്നത് സ്‌കൂൾ മാനേജർമാർ മാത്രമാണ്. ഒരു വിദ്യാർത്ഥിയോ രക്ഷിതാവോ ഇതുവരെയായിട്ടും പ്ലസ് വൺ സീറ്റില്ലെന്ന പരാതി ഉയർത്തിയിട്ടില്ല. സത്യവാങ്മൂലത്തിലൂടെ സർക്കാർ അറിയിച്ച നിലപാട് ഹൈക്കോടതി ഉത്തരവിലാണ് ഉളളത്.

പ്ലസ് വൺ സീറ്റുകൾ തേടി സ്കൂളുകൾ കയറിയിറങ്ങുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരാതി നൽകാൻ സമയമുണ്ടാകില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ഉയർന്നുവന്ന വാദം തള്ളുകയായിരുന്നു. കൂടാതെ പ്ലസ് വൺ ബാച്ചുകളുടെ ആവശ്യകതയുണ്ടോയെന്ന് പരിശോധിച്ച് 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന, ജില്ലാതല സമിതികളോട് കോടതി ആവശ്യപ്പെട്ടു.നിരവധി വിദ്യാർത്ഥി സംഘടനകൾ സീറ്റിന്റെ പ്രശ്നം ആരോപിച്ച് പ്രക്ഷോഭ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു. ആദ്യ അലോട്ട്മെന്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Advertisement
Advertisement