ഓരോ സിനിമ ചെയ്യുമ്പോഴും അറിഞ്ഞോ അറിയാതെയോ ലാലേട്ടൻ ചെയ്യുന്ന കാര്യം; മോഹൻലാലിനെപ്പറ്റി പ്രിയങ്ക നായർ

Sunday 26 May 2024 10:23 AM IST

'ഇവിടം സ്വർഗമാണ്', 'വെളിപാടിന്റെ പുസ്തകം', '12 ത്ത് മാൻ', 'വിലാപങ്ങൾക്കപ്പുറം',​ 'ഹോം',​ 'ജനഗണമന' തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. താരത്തിന്റെ 'കർണ്ണിക' എന്ന ചിത്രം തീയേറ്ററിലെത്താൻ പോകുകയാണ്. ഈ വേളയിൽ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ പ്രിയങ്ക കേരള കൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

കർണ്ണികയെക്കുറിച്ച്

സോഹൻ റോയിയുടെ ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് പ്രൊഡക്ഷനിൽ അരുൺ വെൺപാല സംവിധാനം ചെയ്‌ത ഇൻവെസ്റ്റിഗേറ്റീവ് ഹൊറർ ത്രില്ലർ ആണ് കർണ്ണിക. നേരത്തെ ഹൊറർ ഞാൻ ചെയ്തിട്ടുണ്ട്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ലൈവ് ടെലികാസ്റ്റ് ആണ്‌ മുമ്പ് ചെയ്ത ഹൊറർ.

കർണ്ണികയെപ്പറ്റി പറയുകയാണെങ്കിൽ പുതിയ ടീം ആണ്. പിന്നെ ടി ജി രവി അങ്കിൾ, വിയാൻ എന്നിവരുമുണ്ട്. ടി ജി രവി അങ്കിളാണ് എന്റെ അച്ഛനായിട്ട് അഭിനയിക്കുന്നത്. പാലക്കാട് വച്ചായിരുന്നു ഷൂട്ടിംഗ്. അടുത്തമാസമാണ് സിനിമ റിലീസ് ചെയ്യുന്നത്.

പുതിയ ചിത്രങ്ങൾ

രണ്ട് തമിഴ് പ്രൊജക്ട് ആണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിന്റെ ക്യാരക്ടറിനായിട്ടുള്ള മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വർക്കൗട്ടും കാര്യങ്ങളുമൊക്കെ.


കൂടെ അഭിനയിച്ചവരിൽ ഏറ്റവും കംഫർട്ടബിൾ

എല്ലാവരും വളരെ കംഫർട്ടബിളാണ്. ആദ്യം അഭിനയിച്ച പശുപതി സാർ മുതൽ കർണ്ണിക വരെ എല്ലാവരും വളരെ കംഫർട്ടബിളായിരുന്നു. ഓരോ സിനിമയിലും ഒത്തിരി ദിവസം കിട്ടുമല്ലോ. എക്സ്പീരിയൻസ് ഉള്ളവരാണെങ്കിലും പുതിയ ആൾക്കാരാണെങ്കിലും എല്ലാവരും നല്ല കംഫർട്ടബിൾ ആയിരുന്നു. എന്നെ സംബന്ധിച്ച് ഓരോ സിനിമ എന്ന് പറയുന്നതും പുതിയ പാഠമാണ്.

നമുക്ക് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ടാകും. എല്ലാവരിൽ നിന്നും. താരങ്ങളാണെങ്കിലും ടെക്നീഷ്യന്മാരാണെങ്കിലും എഴുത്തുകാരാണെങ്കിലും ഓരോരുത്തരും സിനിമയെ സമീപിക്കുന്നത് ഓരോ രീതിയിലല്ലേ. അതിനാൽ നമുക്കെന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും അവരിൽ നിന്ന്.

ലാലേട്ടനൊപ്പം നാല് സിനിമ

ലാലേട്ടനൊപ്പം നാല് സിനിമയിൽ അഭിനയിക്കാൻ പറ്റി. ലാലേട്ടന്റെ കൂടെ നാല് സിനിമ ചെയ്യാൻ പറ്റി എന്നുപറയുന്നത് തന്നെ വലിയ ഒരു ഭാഗ്യമാണ്. സിനിമയെന്ന മോഹം ഉള്ളിൽക്കൊണ്ടുനടക്കാൻ കാരണക്കാരിലൊരാൾ ലാലേട്ടനാണ്. ലാലേട്ടൻ വളരെ ഫ്രണ്ട്‌ലിയാണ്. നമ്മളെ വളരെ കംഫർട്ടബിളാക്കും.

പുതിയൊരാളാണ് അഭിനയിക്കുന്നതെങ്കിൽ പോലും അദ്ദേഹം എല്ലാവരെയും ഒരുപോലെ കംഫ‌ർട്ടബിളാക്കും. ഓരോ സിനിമ ചെയ്യുമ്പോഴും അറിഞ്ഞോ അറിയാതെയോ ലാലേട്ടൻ ഒരുപാട് സപ്പോർട്ട് ചെയ്യാറുണ്ട്. ഓരോ സീനും അഭിനയിക്കുമ്പോഴും ലാലേട്ടന്റെ സപ്പോർട്ട് നമുക്ക് ഫീൽ ചെയ്യും. മമ്മൂക്കയ്‌ക്കൊപ്പം ഇതുവരെ സിനിമ ചെയ്യാൻ പറ്റിയിട്ടില്ല.

സിനിമ രംഗത്തെ സൗഹൃദം

കൂടെ ജോലി ചെയ്തതും ചെയ്യാത്തതുമായ ഒരുപാട് സുഹൃത്തുക്കളുണ്ട്. അങ്ങനെ ഒരാളുടെ പേരെടുത്ത് പറയാൻ പറ്റില്ല. ഇത്രയും വർഷമായില്ലേ.

ബിഗ് ബോസിലേക്കുണ്ടോ

ബിഗ് ബോസ് വിളിച്ചിട്ടുണ്ട്. പക്ഷേ പോകില്ല. ഞാൻ അതിന് പറ്റിയ ഒരാളല്ല. ഞാൻ ഒരു ബിഗ് ബോസ് മെറ്റീരിയൽ അല്ലാത്തോണ്ടായിരിക്കാം. എനിക്ക് അങ്ങനെയൊരു പ്ലാനില്ല.

ഓരോ അമ്മമാരും വ്യത്യസ്തർ

മോൻ ഇപ്പോൾ ആറാം ക്ലാസിലാണ്. ഓരോ അമ്മമാരും വ്യത്യസ്തരാണ്. ഓരോരുത്തരും കുട്ടികളെ വളർത്തുന്നത് ഓരോ രീതിയിലാണ്. ഞാൻ കഴിവതും വെക്കേഷന് മുമ്പ് ഷൂട്ടിംഗ് തീർത്ത് അവനൊപ്പമിരിക്കാൻ ശ്രമിക്കും. സ്‌പോർട്സ് ആക്ടിവിറ്റിയും മ്യൂസിക്കും വായനയും യാത്രയും അതൊക്കെ മാക്സിമം ചെയ്യാൻ നോക്കും. അവനെന്തൊക്കെയാണോ ഇഷ്ടം അതിന്റെ കൂടെയങ്ങ് നിൽക്കും.

എന്റെ കരിയറിലും മോൻ വളരെ സപ്പോർട്ടീവാണ്. വളരെ അണ്ടർസ്റ്റാൻഡിംഗ് ആണ്. ഇപ്പോഴത്തെ എല്ലാ കുട്ടികളും അങ്ങനെ തന്നെയാണ്. പിള്ളേർക്കൊക്കെ എല്ലാം മനസിലാകും. ഭയങ്കര മിടുക്കന്മാരും മിടുക്കികളുമൊക്കെയാണ്. ഒത്തിരിയങ്ങ് സ്പൂൺ ഫീഡ് ചെയ്യുകയൊന്നും വേണ്ട. കാര്യങ്ങൾ കാര്യങ്ങളായി അവതരിപ്പിച്ചാൽ മതി.

അന്ന് കരഞ്ഞുപോയി

കഴിഞ്ഞ വർഷം മേയ് 28നായിരുന്നു അനിയത്തിയുടെ വിവാഹം. മേയ് 16ന് അച്ഛന് സുഖമില്ലാതായി. 17ന് എമർജൻസിയായി ഒരു സർജറി വേണ്ടിവന്നു. 24നാണ് ഡിസ്ചാർജ് ആയി വീട്ടിൽ വരുന്നത്. കല്ലാണത്തിനാകെ നാല് ദിവസമേയുള്ളൂ. അച്ഛന്റെ തല മൊത്തം ഷേവ് ചെയ്തിട്ടുണ്ട്. സ്റ്റിച്ച് ഉണ്ട്. കല്യാണത്തിന് വേണ്ടി ഓടി നടന്നയാളാണ് അച്ഛൻ. ഓടിനടക്കുന്നതിനിടയിലാണ് വയ്യാണ്ടായത്.

അപ്പോൾ ആരുമില്ല. എനിക്ക് സഹോദരന്മാരില്ല. സഹോദരിയുമായി അത്രത്തോളം ആത്മബന്ധമുണ്ടെനിക്ക്. അച്ഛന് അവിടെ വയ്യാണ്ടിരിക്കേണ്ടി വരുന്ന അവസ്ഥ. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ നിന്ന് രക്ഷപ്പെട്ട് വന്നതാണ്. അങ്ങനെയൊരവസ്ഥയിൽ ഞങ്ങളെല്ലാം ഇമോഷണലായിരുന്നു. ഇനിയങ്ങോട്ട് എന്തെന്ന് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യത്തിലാണ് വിവാഹം നടന്നത്. അതുകൊണ്ടാണ് അനിയത്തിയെ എനിക്ക് കൈപിടിച്ച് കൊണ്ടുവരേണ്ടിവന്നത്.

അച്ഛൻ അവിടെ വേദിയിലുണ്ടായിരുന്നു.ആ സ്റ്റിച്ചോടെ കൂടിയാണ് അച്ഛൻ മണ്ഡപത്തിൽ വന്നിരുന്നത്.അമ്മ ഭയങ്കര ഇമോഷണലായിരുന്നു. എനിക്കോ അനിയത്തിക്കോ ഒന്നും കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ സ്റ്റേജിലേക്ക് കയറി വന്നിട്ട് അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. അത്രയും ദിവസം ഞാൻ പിടിച്ചുനിന്നു. സർജറി, കല്യാണത്തിന് ഒറ്റയ്ക്ക് ഓടിനടന്നപ്പോഴുമെല്ലാം... പക്ഷേ ലാസ്റ്റ് മൊമന്റ് കരഞ്ഞുപോയി. അച്ഛന് അധികം അനങ്ങാനൊന്നും പറ്റില്ല. കല്യാണത്തിന് പോകാം ഡോക്ടർമാരുടെ നിബന്ധനകളുണ്ടായിരുന്നു.


കൊവിഡ് ആയിരുന്നല്ലോ. മാസ്‌ക് വയ്ക്കണം.ഇൻഫക്ഷനൊന്നും വരാൻ പാടില്ലെന്നൊക്കെ പറഞ്ഞിരുന്നു. ആ ടെൻഷനുമെല്ലാം ഉണ്ടായിരുന്നു. അനിയത്തിയുടെ കല്യാണമായതുകൊണ്ട് കരഞ്ഞതാണോയെന്നൊക്കെ കമന്റുകളുണ്ടായിരുന്നു.

ഭാവി പരിപാടികൾ

സിനിമ മാത്രമാണ്. ഞാൻ സിനിമയിൽ വന്നിട്ട് പതിനെട്ട് വർഷമായി. 2002ലാണ് മിനിസ്ക്രീനിൽ ആരംഭിക്കുന്നത്. 22 വർ‌ഷമായി. സിനിമയുടെ പല പല മേഖലകളുമായി ബന്ധപ്പെട്ട് പല പല പ്ലാനുകളുണ്ട്.

Advertisement
Advertisement