ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു; രണ്ട് മരണം

Sunday 26 May 2024 1:04 PM IST

കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. എറണാകുളം പറവൂർ പുത്തൻവേലിക്കര ചാലക്കുടിപ്പുഴയിലാണ് പെൺകുട്ടികൾ ഇറങ്ങിയത്. കോഴിത്തുരുത്ത് മണൽബണ്ടിന് സമീപം ഇന്നുരാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.

മൂന്ന് പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്തായി കക്ക വാരുകയായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരാണ് മൂന്നുപേരെയും രക്ഷപ്പെടുത്തിയത്. പിന്നാലെ പെൺകുട്ടികളെ ആശുപത്രിയിലാക്കിയെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഒരു പെൺകുട്ടി അപകടനില തരണം ചെയ്തു.

മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി ആദ്യം പുഴയിലെ കുഴിയിലേയ്ക്ക് വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്ര് രണ്ടുപേർ കൂടി അപകടത്തിൽപ്പെട്ടത്. രണ്ട് പെൺകുട്ടികൾ വെള്ളത്തിലിറങ്ങിയിരുന്നില്ല. ഇവരുടെ കരച്ചിൽ കേട്ടാണ് കക്ക വാരുകയായിരുന്നവർ ഓടിയെത്തിയത്. തുടർന്ന് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു.

അതിനിടെ ഇന്നലെ കോട്ടയം പാലായിൽ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാൾ മുങ്ങിമരിച്ചു. കരൂർ സ്വദേശി ഉറുമ്പിൽ രാജു (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക് ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കെെ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു.

ഇതോടെ രാജു വെള്ളത്തിൽ മുങ്ങിപ്പോയി. കെെകൾ കുടുങ്ങിയതിനാൽ പുറത്തേക്ക് വരാനായില്ല. പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കെെ കുടുങ്ങിയത്. സംഭവം കണ്ട നാട്ടുകാർ രാജുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പിന്നാലെ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് രാജുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വേനൽ സമയത്ത് ചെക്ക് ഡാമിൽ വരുന്ന വെള്ളം തടഞ്ഞ് വയ്ക്കാനാണ് പലക സ്ഥാപിച്ചത്. എന്നാൽ കനത്ത മഴ പെയ്തതിന് പിന്നാലെ പലകയ്ക്ക് മുകളിലൂടെ വെള്ളം ഒഴുകുകയായിരുന്നു. ഈ പലക മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് രാജുവിന്റെ കെെ കുടുങ്ങിയത്.

Advertisement
Advertisement