പാൻ കാർഡ് എടുത്തിട്ടില്ലേ, വിവരങ്ങൾ തിരുത്തണോ? 10 മിനിട്ട് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാം

Sunday 26 May 2024 8:22 PM IST

ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ രേഖകളിൽ ഒന്നാണ് പാൻ കാർഡ്. സുഗമമായ ബാങ്കിംഗ് പ്രവർത്തനങ്ങൾക്കും പലവിധത്തിലുള്ള സേവനങ്ങൾക്കും പാൻകാർഡിന്റെ പ്രസക്തി ദിനംപ്രതി വർദ്ധിച്ച് വരുന്നുണ്ട്. പാൻകാർഡിനെ രാജ്യത്തെ സവിശേഷമായ തിരിച്ചറിയൽ രേഖയായ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തന്നെ ഇതിനൊരു മികച്ച ഉദാഹരണമാണ്.

പാൻ കാർഡ് ഇതുവരെ എടുത്തിട്ടില്ലെങ്കിൽ പലപ്പോഴും നികുതി ഇടപാടുകൾക്കും ഒരു പരിധി കഴിഞ്ഞുള്ള സാമ്പത്തിക ഇടപാടുകൾക്കും ബുദ്ധിമുട്ടാണ്. പാൻ കാർഡ് എടുക്കാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇപ്പോൾ 10 മിനിട്ട് കൊണ്ട് പാൻ കാർഡ് എടുക്കാൻ കഴിയും. എങ്ങനെയെന്ന് നോക്കിയാലോ.

വീട്ടിൽ ഇരുന്ന് തന്നെ പാൻ കാർഡിന് അപേക്ഷിക്കാം. ഇതിനായി ആദ്യം https://www.pan.utiitsl.com/newA.html ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ നൽകാൻ 'പുതിയ പാൻ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ കൃത്യമായ വിവരങ്ങളോടെ പാൻ ഫോം പൂരിപ്പിച്ച് ഉടൻ സമർപ്പിക്കുക. സമർപ്പിച്ച പേജിൽ ആവശ്യമായ രേഖകൾ (ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്) തടസമില്ലാതെ അപ്‌ലോഡ് ചെയ്യുക. ശേഷം അപേക്ഷ ഫീസ് അടയ്ക്കുക.

ഫീസ് അടച്ച ശേഷം 'സമർപ്പിക്കുക (Submit) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ഇത് ഉപയോഗിച്ച് നിങ്ങളുടെ ആപ്ലീക്കേഷന്റെ പുരോഗതി അറിയാൻ കഴിയും. ഇതോടെ 10 ദിവസത്തിനുള്ളിൽ പാൻ കാർഡ് ലഭിക്കുകയും തപാൽ സേവനങ്ങൾ വഴി നിങ്ങളുടെ വീട്ടിൽ എത്തിക്കുകയും ചെയ്യാം.

ഇത് കൂടാതെ മറ്റൊരു കാര്യവും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ മറ്റ് തിരിച്ചറിയൽ രേഖയ്ക്ക് സമാനമായ വിവരങ്ങൾ തന്നെയായിരിക്കണം പാൻ കാർഡിലും ഉണ്ടായിരിക്കേണ്ടത്. അങ്ങനെയല്ലെങ്കിൽ ചില സേവനങ്ങൾക്ക് തടസം നേരിട്ടേക്കാം. അതിനാൽ തന്നെ പാൻ കാർഡിലെ വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്തുക. എന്നാൽ ചിലരെങ്കിലും പാൻ കാർഡ് വിവരങ്ങൾ തിരുത്തുന്നത് സങ്കീർണമായ പ്രക്രിയയാണെന്ന് ധരിച്ച് നീട്ടിവയ്ക്കാറുണ്ട്. എന്നാൽ ആധാർ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പാൻ കാർഡ് അനായാസം തിരുത്താവുന്നതാണ്.

ഇതിനായി ആദ്യം https://www.pan.utiitsl.com/PAN_ONLINE/homeaddresschange ഔദ്യോഗിക വെബ്സൈറ്റ് സന്‌ദർശിക്കുക. ഇതിന് ശേഷം നിങ്ങളുടെ പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, ഇയെിൽ, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ നൽകുക.

അടുത്തതായി പാൻ കാർഡിലെ വിലാസമാണ് തിരുത്തേണ്ടതെങ്കിൽ ആധാർ കാർഡിന്റെ സഹായത്തോടെ വിലാസം തിരുത്താനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് കാപ്‌ച കോഡ് കൃത്യമായി നൽകുക. പിന്നാലെ തന്നെ ഒടിപി ലഭിക്കുന്നതായിരിക്കും. ഒടിപി നൽകി നടപടി പൂർത്തിയായി കഴിഞ്ഞാൽ നിങ്ങളുടെ പാൻ കാർഡിലെ വിലാസം ആധാർ കാർഡിലേതിന് സമാനമായി മാറ്റപ്പെടും. തിരുത്ത് പൂർണമാകുന്ന മുറയ്ക്ക് എസ്എംഎസ്, ഇമെയിൽ വഴി സന്ദേശം ലഭിക്കുന്നതായിരിക്കും.

Advertisement
Advertisement