ജാമ്യത്തിൽ ഇറങ്ങിയ ബി.ജെ.പി നേതാവ് കുഴഞ്ഞുവീണ് മരിച്ചു,​ ജയിലിലടച്ചതിനു പിന്നിൽ  സി.പി.എമ്മെന്ന് ആക്ഷേപം 

Monday 27 May 2024 12:00 AM IST
മനോജ്

കായംകുളം : അറസ്റ്റുചെയ്ത് വിട്ടശേഷം രാഷ്ടീയ ഇടപെടലുകളെ തുടർന്ന് ജാമ്യമില്ലാ കേസെടുത്ത് ജയിലിൽ അടക്കുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ബി.ജെ.പി പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് ആലംമ്പള്ളിൽ വീട്ടിൽ മനോജ് (47) ഇന്നലെ ഉച്ചയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.കായംകുളം ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കുടുംബത്തിലെ പതിനാലുകാരനെ മർദ്ദിച്ചതായി ആരോപിച്ച് മനോജിനെതിരെ കായംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. മേയ് 22ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചെങ്കിലും 23ന് വിളിച്ചു വരുത്തിയാണ് വധശ്രമക്കുറ്റം ചുമത്തി റിമാൻഡിലാക്കിയത്. തൊട്ടടുത്ത ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടയ്ക്കാൻ സി.പി.എം ആവശ്യപ്പെട്ടെന്നാണ് ആരോപണം. കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നതോടെ മനോജ് അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വിട്ടുനൽകും.ഭാര്യ: കല. മക്കൾ: കാളിദാസ്, മൃദുല.

നിയമനടപടിക്ക്

ബി.ജെ.പി

കായംകുളം സി.ഐയ്ക്കെതിരെ ബി.ജെ.പി നിയമ പോരാട്ടം പ്രഖ്യാപിച്ചിരിക്കേയാണ് മനോജിന്റെ മരണം.

നിസാരമായ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായ സംഭവത്തിലാണ് സി.പി.എമ്മിന്റെ നിർദ്ദേശ പ്രകാരം 308-ാം വകുപ്പ് ചേർത്ത് ജാമ്യമില്ലാകേസെടുത്ത് മനോജിനെ ജയിലിലാക്കിയതെന്ന് ബി.ജെ.പി ആരോപിച്ചു.

ആദ്യം പൊലീസിൽ പരാതിപ്പെട്ടത് മനോജാണ്. അതിൽ ഇതുവരെ കേസ് എടുത്തിട്ടില്ല. രണ്ട് ദിവസം കഴിഞ്ഞ് കൃഷ്ണപുരത്തെ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് എതിർ കക്ഷികൾ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിൽ ആക്രി പെറുക്കാനെത്തിയത് തടഞ്ഞപ്പോൾ പതിനാലുകാരൻ ആക്രമിച്ചെന്നാണ് മനോജിന്റെ പരാതി.

Advertisement
Advertisement