ഡി.ഐ.ജി വന്നത് അഞ്ചു തവണ, രാത്രിയിലും ക്യാമ്പ് ചെയ്ത് ജില്ലാ പൊലീസ് ചീഫ് 'ഇതുപോലൊരു പീഡന കേസ് അപൂർവ്വം'

Monday 27 May 2024 12:04 AM IST
ഡി ഐ ജി തോംസൺ ജോസ് കാസർകോട് പൊലീസ് മേധാവി പി ബിജോയ്‌

കാസർകോട്: 'ഇത് വളരെ അപൂർവ്വമായ കേസാണ്. ബൈക്കിലും കാറിലുമൊക്കെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച അനേകം സംഭവങ്ങൾ ഞങ്ങൾ അന്വേഷിച്ചിട്ടുണ്ട്. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന ബാലികയെ ആരും അറിയാതെ എടുത്തുകൊണ്ടുപോയി ഉപദ്രവിച്ച ശേഷം വഴിയിൽ തള്ളിയ പോലുള്ള പടന്നക്കാട് സംഭവം എന്റെ അറിവിൽ ഉണ്ടായിട്ടില്ല. 'കേരള കൗമുദി'യോട് സംസാരിക്കവെ തിരുവനന്തപുരം സ്വദേശിയും കാസർകോട് ജില്ലാ പൊലീസ് ചീഫുമായ പി. ബിജോയി മനസു തുറന്നു. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം റോഡിൽ നിന്ന് ഒരു നാടോടി പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച സംഭവം ഉണ്ടായത് ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരമേഖല ഡി.ഐ.ജി തോംസൺ ജോസിന്റെയും കാസർകോട് ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെയും കുറ്റാന്വേഷണ മികവിന്റെ തെളിവാണ് 9 ദിവസം കൊണ്ട് പ്രതി സലീമിനെ ജയിലിനുള്ളിൽ എത്തിക്കാൻ കഴിഞ്ഞത്. ഈ മാസം 15ന് പുലർച്ചെ വിവരം പുറത്തുവന്നതു മുതൽ എട്ട് ദിവസത്തിനുള്ളിൽ ഡി.ഐ.ജി തോംസൺ ജോസ് കാഞ്ഞങ്ങാട്ടെത്തിയത് അഞ്ച് തവണയാണ്. ഒരു ദിവസം രാത്രിയും അദ്ദേഹം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തു. ജില്ലാ പൊലീസ് മേധാവി പി. ബിജോയ് എല്ലാ ദിവസവും രാത്രിയും പകലും കാഞ്ഞങ്ങാട് ക്യാമ്പ് ചെയ്ത് നേതൃത്വം നൽകി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് 29 പൊലീസ് ഉദ്യോഗസ്ഥരെ അഞ്ച് സ്ക്വാഡുകളായി വിന്യസിച്ച് ഓരോ മിനുട്ടിലും മണിക്കുറുകളിലും നിർദ്ദേശങ്ങൾ നൽകി പൊലീസ് കൂട്ടായ്മയെ മിന്നൽ വേഗതയിലാക്കിയത് ഇവരുടെ അന്വേഷണ മികവുതന്നെ. കാസർകോട്ടെ മൂക്കും മൂലയും കൃത്യമായി നിശ്ചയമുള്ള ഇരുവരും പ്രമാദമായ പല കേസുകളും അന്വേഷിച്ച് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്ത ഉന്നത ഉദ്യോഗസ്ഥരാണ്.

2023 നവമ്പർ 20നാണ് ബിജോയ് കാസർകോട് ചുമതലയേറ്റത്. മഞ്ചേശ്വരം എസ്.ഐയും 2010ൽ കാസർകോട് ഡിവൈ.എസ്.പിയും ആയിരുന്നു ഇദ്ദേഹം. 1996ൽ സേനയുടെ ഭാഗമായ ബിജോയ് 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2018ൽ രാഷ്ട്രപതിയുടെ മെഡലും നേടിയിട്ടുണ്ട്. 2016 ജൂൺ 14 മുതൽ 2017 ജനുവരി ഒമ്പത് വരെ കാസർകോട് എസ്.പി ആയിരുന്നതിനാൽ ‌ഡി.ഐ.ജിയും ജില്ലയിൽ സുപരിചിതനാണ്. 2023 ജൂലായിലാണ് ഇദ്ദേഹം ഡി.ഐ.ജിയായത്.

ഗൾഫ് വ്യവസായി തൃക്കരിപ്പൂർ വെള്ളാപ്പിലെ അബ്ദുൾ സലാം ഹാജിയെ കൊലപ്പെടുത്തി യു.എ.ഇ ദിർഹവും ഏഴര ലക്ഷവും കവർന്ന കേസിലെ പ്രതികള പിടികൂടി ഇരട്ട ജീവപര്യന്തം ശിക്ഷ വാങ്ങിച്ചു കൊടുത്തത് തോംസൺ ജോസ് കാസർകോട് ഉണ്ടായിരുന്ന കാലത്താണ്. കൊലപാതകം നടത്തുമ്പോൾ പ്രതികൾ സംസാരിച്ച ഫോൺ സംഭാഷണങ്ങൾ മാത്രമായിരുന്നു തുമ്പായി ഉണ്ടായിരുന്നത്. കാസർകോട് ക്രമസമാധാനം ഉറപ്പാക്കിയ ഉദ്യോഗസ്ഥനാണ് തോംസൺ ജോസ്.

Advertisement
Advertisement