ബലപ്പെടുത്തൽ അതിവേഗം പൂർത്തിയായി; മംഗലപ്പുഴ പാലത്തിലെ നിയന്ത്രണം പിൻവലിച്ചു

Monday 27 May 2024 1:38 AM IST

ആലുവ: ദേശീയപാതയിൽ ആലുവ മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തൽ ജോലികൾ അനുവദിച്ചതിലും നേരത്തെ പൂർത്തിയായതിനാൽ ഇന്നലെ വൈകിട്ടോടെ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു. ഈ മാസം 17 മുതൽ 20 ദിവസത്തേക്ക് നിയന്ത്രണം ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെങ്കിലും ഇന്നലെ വൈകിട്ട് ആറ് മണിയോടെ പിൻവലിക്കുകയായിരുന്നു. അനുവദിച്ചതിന്റെ പകുതി ദിവസങ്ങൾ മാത്രമാണ് ബലപ്പെടുത്തൽ ജോലികൾക്കായി വേണ്ടിവന്നുള്ളു.

ബലപ്പെടുത്തിലിന്റെ ഭാഗമായുള്ള അവസാന കോൺക്രീറ്റിംഗ് ശനിയാഴ്ചയായിരുന്നു. ഇന്നലെ വൈകുന്നേരം വരെ കോൺക്രീറ്റ് ബലപ്പെടാൻ ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് പാലത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ നീക്കിയാണ് ഗതാഗതം രണ്ടുവരിയാക്കിയത്.

ബലപ്പെടുത്തൽ ജോലികൾ നടന്നതിനാൽ അങ്കമാലി - ആലുവ ഭാഗത്തേക്കുള്ള പഴയ പാലത്തിൽ ഒരു വരി ഗതാഗതം മാത്രമാണ് അനുവദിച്ചിരുന്നത്. മാത്രമല്ല, കളമശേരി ഭാഗത്തേക്ക് പോകേണ്ട ചരക്കുവാഹനങ്ങൾ അങ്കമാലിയിൽ നിന്നും കാലടി, പെരുമ്പാവൂർ വഴി ആലുവയിലെത്തണമായിരുന്നു. ഈ സാഹര്യത്തിൽ ദേശീയപാതയിൽ മംഗലപ്പുഴ പാലം ഭാഗത്ത് മാത്രമല്ല, ചരക്കുലോറികൾ കടന്നുപോയ മൂന്ന് നഗരങ്ങളിലും കടുത്ത ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടിരുന്നത്.

ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് പൊലീസിന് പുറമെ കരാറുകാർ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ചിരുന്നു. ഒറ്റവരി ഗതാഗതം ഏർപ്പെടുത്തിയപ്പോൾ ഗതാഗതകുരുക്ക് കോട്ടായി വരെ നീണ്ടിരുന്നു. 64 വർഷം പഴക്കമുള്ള മംഗലപ്പുഴ പാലം ആദ്യമായിട്ടാണ് ബലപ്പെടുത്തിയത്. നേരത്തെ ആലുവ മാർത്താണ്ഡവർമ്മ പാലവും ആലുവ മാർക്കറ്റ് മേൽപ്പാലവും ബലപ്പെടുത്തിയിരുന്നു.

Advertisement
Advertisement