വെള്ളക്കെട്ടിലായി പാടങ്ങൾ; പൊടിവിത നടക്കില്ല, ഇനിരക്ഷ ഞാറ്റടിയോ ചേറ്റുവിതയോ

Monday 27 May 2024 12:24 AM IST

 ഞാറ്റടി പറച്ച് നടാൻ 21 ദിവസമെടുക്കും.

 പൊടിവിതയേക്കാൾ ഉയർന്ന പണച്ചെലവ്.

പാലക്കാട്: ഒരാഴ്ചയായി പെയ്ത വേനൽമഴയിൽ നെൽവയലുകൾ വെള്ളക്കെട്ടിലായതോടെ പൊടിവിത നടത്താൻ കഴിയാതെ ജില്ലയിലെ നെൽകർഷകർ. വയലുകളിൽ നിന്ന് വെള്ളം വാർന്ന് ഈർപ്പത്തിന്റെ അംശം കുറഞ്ഞാൽ മാത്രമെ ഇനി പൊടിവിത നടത്താൻ കഴിയൂ. അതിന് ഇനിയും കാത്തിരിക്കണം. അപ്പോഴേക്കും നിലവിലെ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം കാലവർഷം ശക്തമാകും. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഞാറ്റടി തയാറാക്കിയോ ചേറ്റുവിത നടത്തിയോ മാത്രമേ ഒന്നാം വിള ഇറക്കാൻ കഴിയൂ എന്നതാണ് നിലവിലെ സാഹചര്യം. ഞാറ്റടി തയാറാക്കിയാൽ 21 ദിവസം കഴിഞ്ഞുമാത്രമെ പറച്ച് നടാൻ കഴിയൂ.

നിലം ഉഴുതുമറിച്ച് ഞാറ്റടി പറിച്ച് നടുന്നതിന് പൊടിവിതയേക്കാൾ ഉയർന്ന പണച്ചെലവുവരും. രണ്ടാം വിളയ്ക്ക് സപ്ലൈകോവിന് നെല്ല് നൽകിയ പല കർഷകർക്കും ഇനിയും പണം ലഭിച്ചിട്ടില്ല. കാർഷിക വായ്പയെടുത്ത പലർക്കും തിരിച്ചടവ് മുടങ്ങിയതിനാൽ വീണ്ടും വായ്പ ലഭിക്കില്ലെന്നും കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ നെല്ലിന്റെ പണം എത്രയുംവേഗം അനുവദിക്കന്നതിനും സഹകരണ സ്ഥാപനങ്ങൾ മുഖേന സർക്കാർ ഗ്യാരന്റിയിൽ കാർഷിക വായ്പ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

പരിധിവിട്ട് പന്നിശല്യം

ഞാറ്റടിക്ക് ഏറ്റവുമധികം ഭീഷണി കാട്ടുപന്നികളെന്നു കർഷകർ പറയുന്നു. പാടത്തും പറമ്പിലും നിറയെ പന്നികളാണ്. കണ്ണൊന്നു തെറ്റിയാൽ എല്ലാം കുത്തിനിരത്തും. പ്രതിരോധ നടപടികൾ പേരിനു മാത്രമാണ്. മയിൽ ശല്യവും രൂക്ഷമാണ്. നെൻമണി തിന്നാൻ പ്രാവുകളുൾപ്പെടെ എത്തും. ഇതെല്ലാം തരണം ചെയ്തു വേണം കൃഷിയിറക്കാൻ.

ആദ്യഘട്ട പായഞാറ്റടി തയ്യാർ

കണ്ണാടി സെൻട്രൽ പാടശേഖരസമിതിയിലെ കർഷകർ ഒന്നാംവിള നെൽക്കൃഷിക്കായി ആദ്യഘട്ട പായഞാറ്റടി തയ്യാറാക്കിക്കഴിഞ്ഞു. വേനൽമഴ ലഭിച്ച സാഹചര്യത്തിലാണ് പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ഞാറ്റടി തയ്യാറാക്കിയത്. നെൽക്കൃഷി സജീവമായ 66 ഹെക്ടർ പാടശേഖരങ്ങളാണ് കണ്ണാടി സെൻട്രൽ പാടശേഖരത്തിലുള്ളത്. ഇതിൽ ആദ്യഘട്ടം നെൽക്കൃഷി ചെയ്യുന്ന കർഷകർക്കായാണ് സമിതി ഇപ്പോൾ ഞാറ്റടി തയ്യാറാക്കുന്നത്. രണ്ടാംഘട്ടത്തിൽ ബാക്കി കർഷകർക്കായുള്ള ഞാറ്റടി ഒരുക്കും. പ്രത്യേകമായി തയ്യാറാക്കിയ കൃഷിയിടത്തിൽ വിതച്ച വിത്തുകൾ കാട്ടുപന്നികളും പ്രാവുകളും നശിപ്പിക്കാതിരിക്കുന്നതിന് പ്രത്യേകസംവിധാനങ്ങളും ഒരുക്കിയാണ് ഞാറ്റടി തയ്യാറാക്കിയത്.

Advertisement
Advertisement