കെ.എസ്.യു പഠന ക്യാമ്പിൽ കൂട്ടത്തല്ല്,​ രണ്ടുപേർക്ക് പരിക്ക്,​ ജനാല ചില്ലുകൾ അടിച്ചുതകർത്തു

Monday 27 May 2024 11:19 PM IST


 സംഭവം ഡി.ജെ പാർട്ടിക്കിടെ

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന നേതൃത്വം നെയ്യാർഡാമിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച തെക്കൻ മേഖലാ പഠന ശിബിരത്തിൽ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. ത്രിദിന ക്യാമ്പിന്റെ രണ്ടാംദിനമായ ശനിയാഴ്ച അർദ്ധരാത്രിയിൽ ഡി.ജെ പാർട്ടിക്കിടെയാണ് ഗ്രൂപ്പു തിരിഞ്ഞ് തമ്മിലടിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാല ചില്ലുകൾ അടിച്ചു തകർത്തു. പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത്, നെടുമങ്ങാട് മണ്ഡലം ഭാരവാഹി അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. സംഘടനാകാര്യങ്ങൾ കൈമാറാനുള്ള വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അവകാശത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയത്.

പരാതി കിട്ടാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് നെയ്യാർഡാം പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് കെ.പി.സി.സി നേതൃത്വം ഇടപെട്ട് ക്യാമ്പ് നിറുത്തിവച്ചെങ്കിലും ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ ഇന്നലെ രാവിലെ പുനരാരംഭിച്ചു. ശനിയാഴ്ച ക്യാമ്പ് അവസാനിച്ച ശേഷം നാടൻപാട്ട് അടക്കമുള്ള കലാപരിപാടികൾ ഉണ്ടായിരുന്നു. അതിനിടെയായിരുന്നു സംഭവം.

ഇതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, രാജീവ് ഗാന്ധി പഠനകേന്ദ്രത്തിന്റെ ചുമതലയുള്ള ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി എന്നിവരുൾപ്പെട്ട സമിതി ക്യാമ്പിലെത്തി തെളിവെടുപ്പ് നടത്തി. ചില പ്രവർത്തകർ സംഘടനയ്ക്ക് നാണക്കേടുണ്ടാക്കും വിധമുള്ള കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തി. ഇന്ന് പ്രാഥമിക റിപ്പോർട്ട് കെ.പി.സി.സി പ്രസിഡന്റിന് കൈമാറും. വിശദമായ റിപ്പോർട്ട് പിന്നാലെ നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്തത്.

കൂട്ടത്തല്ലുണ്ടായില്ല: കെ.എസ്.യു

മേഖലാ ക്യാമ്പിൽ ചില തർക്കങ്ങൾ ഉണ്ടായെങ്കിലും അതിനെ കൂട്ടത്തല്ലായി പർവതീകരിച്ച് കാട്ടുകയായിരുന്നെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കൂട്ടത്തല്ലെന്നൊക്കെയുള്ള പ്രചാരണങ്ങൾ ചില മാദ്ധ്യമങ്ങളുടെ അജൻഡയാണ്. സംഘടനയ്ക്ക് പേരുദോഷമുണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കും. ഒരു ക്യാമ്പസിലെ വാട്സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് അടിസ്ഥാനം. കെ.പി.സി.സി അന്വേഷണ സമിതിയുമായി സഹകരിക്കും. ക്യാമ്പസിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് പ്രചരിപ്പിച്ചവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.

Advertisement
Advertisement