കിളിമഞ്ചാരോ കയറാൻ അടൂർ സ്വദേശിനി, തിളങ്ങുന്ന മലനിരയിൽ ഉദിക്കാൻ സോനു

Monday 27 May 2024 12:26 AM IST

അടൂർ : എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പി​ൽ നി​ന്ന് കൈവരി​ച്ച കരുത്തുമായി​ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടി​യായ താൻസാനിയയിലെ കിളിമഞ്ചാരോ കീഴടക്കാൻ ഒരുങ്ങുകയാണ് അടൂർ പന്നിവിഴ സ്വദേശി സോനു സോമൻ (28).

കഴിഞ്ഞ മേയിൽ എട്ടുദിവസം കൊണ്ട് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കിയ സോനു തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തിളങ്ങുന്ന മലനിര എന്നറിയപ്പെടുന്ന കിളിമഞ്ചാരോയെ കാൽച്ചുവട്ടിലാക്കാൻ എട്ടംഗ സംഘത്തിനൊപ്പം സോനു ജൂലായ് 8ന് മുംബയിൽ നിന്ന് പുറപ്പെടും. കൊടുമുടി കീഴടക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായി യോഗയും വ്യായാമവുമായി തിരക്കിലാണിപ്പോൾ. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന്റെ സഹായത്തോടെ സ്പോർണർഷിപ്പിന് ശ്രമിക്കുകയാണ് സോനു. അടൂർ എസ്.എൻ.ഡി.പി യൂണിയൻ 10,000 രൂപ സഹായം നൽകിട്ടുണ്ട്. അടൂരിലെ ബ്ലാഹേത്ത് അച്ഛനും പിന്തുണയുമായി ഒപ്പമുണ്ട്. അടൂർ പന്നിവിഴ ശ്രീകാർത്തികയിൽ എസ്.സോമന്റെയും രേഖയുടെയും മകളാണ് സോനു.

വീഴ്ചയിൽ നിന്ന് ഉയർച്ചയിലേക്ക്

ബി.ബി.എ പഠനശേഷം ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ സോനുവിന്റെ കണ്ണുകൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. മധുരയിലെ കണ്ണാശുപത്രിയിൽ നാല് വർഷം ചികിത്സയിൽ കഴിഞ്ഞു. 70 ശതമാനത്തിന് മുകളിൽ കാഴ്ച്ച നഷ്ടമായി. പിന്നീട് ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ ആദ്യം ഒരു കണ്ണിന് കാഴ്ച്ച ലഭിച്ചു. ലോകത്തെ കാണാനുള്ള കൊതി കാഴ്ചയില്ലാതിരുന്ന നാളുകളിൽ ഉണ്ടായതാണ്. യാത്രയ്ക്കുള്ള പ്രേരണയുമിതായിരുന്നു. അഗസ്ത്യാർകൂടത്തിലേക്കായിരുന്നു ഒറ്റയ്ക്കുള്ള ആദ്യയാത്ര. വിജയകരമായ യാത്ര വയനാട്ടിലെ ബ്രഹ്മഗിരിയിലേക്ക് തുടർന്നു. ഉത്തരാഖണ്ഡിലെ കേദാർകാന്ത കയറിയ ശേഷം എവറസ്റ്റിന്റെ ബേസ് ക്യാമ്പ് കീഴടക്കി.

Advertisement
Advertisement