റോഡ് ദുരന്തം: തദ്ദേശസ്ഥാപനങ്ങൾ സേഫ്‌റ്റി സെല്ലുകൾ രൂപീകരിക്കണം
കൊച്ചി: ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച കാർ തോട്ടിൽവീണതിന് സമാനമായ ദുരന്തങ്ങൾ ഒഴിവാക്കാൻ തദ്ദേശസ്ഥാപനങ്ങൾ റോഡ്‌സേഫ്റ്റി സെല്ലുകൾ രൂപീകരിക്കണമെന്ന് വിദഗ്ദ്ധർ. നാട്ടിലെ സാഹചര്യം തദ്ദേശസ്ഥാപനങ്ങൾക്കാണ് വ്യക്തമായി അറിയാൻ കഴിയുന്നത്.
ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയുടെ കീഴിൽ റോഡ് സേഫ്‌റ്റി സെല്ലുകൾ രൂപീകരിക്കാനാണ് നിർദ്ദേശം. സെക്രട്ടറിമാർ കൺവീനറാകുന്ന സെല്ലുകളിൽ വാർഡ് അംഗങ്ങൾ, എൻജിനിയർമാർ, ഓവർസിയർമാർ, സാങ്കേതികവിദഗ്ദ്ധർ, പൊതുപ്രവർത്തകർ തുടങ്ങിയവരെ അംഗങ്ങളാക്കണം. എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സേവനം പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും ഉപയോഗിക്കാം.
ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് സെല്ലുകൾക്ക് പ്രവർത്തിക്കാം.
മഴക്കാലം, കൊടുംവേനൽ തുടങ്ങി അതതുകാലങ്ങളിലെ ആവശ്യങ്ങൾ നേരിടാനും സംവിധാനങ്ങൾ ഒരുക്കാം. ഒടിഞ്ഞുവീഴുന്ന മരങ്ങൾ മുറിക്കാൻ വാൾ, ആയുധങ്ങൾ, രക്ഷാപ്രവർത്തനത്തിന് വടങ്ങൾ, പ്രാഥമിക ശുശ്രൂഷാസംവിധാനങ്ങൾ എന്നിവ തയ്യാറാക്കാം.
അപായ ബോർഡ്
നിർബന്ധം
കോട്ടയത്തും വടക്കൻപറവൂരിലും കാറുകൾ പുഴയിൽവീഴാൻ കാരണം അപായസൂചന രേഖപ്പെടുത്തിയ ബോർഡുകൾ ഇല്ലാതിരുന്നതാണ്. രാത്രിയിലും കാണാവുന്ന അപായസൂചന നൽകുന്ന ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണം.
ടൂറിസംകേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങളിൽ ഇത് അനിവാര്യമാണ്.
കർമ്മപദ്ധതി തയ്യാറാക്കണം
റോഡ്‌സേഫ്റ്റി സെല്ലുകൾ അപകടസാദ്ധ്യതയുള്ള സ്ഥലങ്ങൾ, പുഴകൾ, തോടുകൾ, റോഡുകൾ കണ്ടെത്തണം
മുൻകരുതലിനായി കർമ്മപദ്ധതികൾ തയ്യാറാക്കണം.
അപായസൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കണം.
റോഡുകളിൽ വേഗതാപരിധി ബോർഡുകളും ബ്രേക്കറുകളും സ്ഥാപിക്കണം.
അടിയന്തരഘട്ടം നേരിടാൻ സന്നദ്ധപ്രവർത്തകരെ സജ്ജരാക്കണം.
പ്രാദേശികപ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപന തലത്തിലുള്ള സെല്ലുകൾക്ക് വേഗത്തിൽ കഴിയും. താഴേത്തട്ടിൽനിന്ന് നടപടികൾ ആരംഭിക്കണം.'
പി. ഉപേന്ദ്രനാരായണൻ
ഗതാഗത വിദഗ്ദ്ധൻ,
റോഡ് സുരക്ഷാ കൗൺസിൽ മുൻഅംഗം