പൊലീസ് അക്കാഡമിയിൽ വനിതാ പൊലീസിനെ പീഡിപ്പിക്കാൻ ശ്രമം

Sunday 26 May 2024 11:37 PM IST

തൃശൂർ: രാമവർമ്മപുരം കേരള പൊലീസ് അക്കാഡമിയിൽ വനിതാ

ഹെഡ്കോൺസ്റ്റബിളിനു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഓഫീസർ കമാൻഡന്റിനെ താത്കാലികമായി ചുമതലയിൽ നിന്ന് മാറ്റി.

ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അക്കാഡമി ഡയറക്ടർ പി.വിജയൻ നിർദ്ദേശം നൽകി. ആഭ്യന്തര അന്വേഷണം തുടങ്ങി. റിപ്പോർട്ട് ലഭിക്കുംവരെ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റി.

കഴിഞ്ഞ 17ന് ആയിരുന്നു സംഭവം. ചില രേഖകൾ പ്രിന്റെടുക്കാനുണ്ടെന്നു പറഞ്ഞ്

വനിതാ ഹെഡ്കോൺസ്റ്റബിളിനെ ഉദ്യോഗസ്ഥൻ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അതിക്രമം കാട്ടിയത്. ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥൻ കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് മുതിർന്നെന്ന് അക്കാഡമി ഡയറക്ടർക്ക് പരാതി നൽകി. അതിക്രമം ചെറുത്ത പരാതിക്കാരി ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി. രണ്ട് ദിവസത്തിനു ശേഷം വീണ്ടും ഉപദ്രവമുണ്ടായെന്നും ഇനി അക്കാഡമിയിൽ തുടരാനാകില്ലെന്നും മാനസികമായി പ്രയാസത്തിലാണെന്നും പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥയുടെ പരാതി ലോക്കൽ പൊലീസിൽ എത്തിയിട്ടില്ലെന്നാണ് വിയ്യൂർ പൊലീസിന്റെ പ്രതികരണം.

പരാതി ഇന്റേണൽ കമ്മിറ്റിക്ക്

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ അന്വേഷിക്കുന്ന, അക്കാഡമിയിലെ വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കംപ്ളെയിന്റ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് ഡയറക്ടർ പി.വിജയൻ വ്യക്തമാക്കി. പരാതിക്കാരിയിൽ നിന്ന് ഉടൻ പരാതി എഴുതി വാങ്ങിയിരുന്നു. ഒരേ ഓഫീസിലെ ജീവനക്കാർ തമ്മിലുള്ള പ്രശ്‌നത്തിൽ കർശന അന്വേഷണമാണ് നടത്തുന്നത്.

Advertisement
Advertisement