കെ എസ് യു ക്യാമ്പിലെ കൂട്ടത്തല്ല്,​ നേതൃത്വത്തിന് വീഴ്‌ച പറ്റിയെന്ന് കെ പി സി സി അന്വേഷണ സമിതി

Sunday 26 May 2024 11:38 PM IST

തിരുവനന്തപുരം : കഴിഞ്ഞ ദിവസം കെ.എസ്.യു സംസ്ഥാന ക്യാമ്പിലുണ്ടായ കൂട്ടത്തല്ലിൽ വിശദമായ അന്വേഷണം നടത്തി കൂടുതൽ പേർക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്ന് കെ.പി.സി.സി അന്വേഷണസമിതി. കെ..പി.സി.സി നേതൃത്വവുമായി ആലോചിക്കാതെയാണ് ക്യാമ്പ് നിശ്ചയിച്ചതെന്നും കെ. സുധാകരനെ ക്ഷണിക്കാത്തത് വിഭാഗീയതയുടെ ഭാഗമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. പഴകുളം മധു, എം.എം. നസീര്‍,​ എ.കെ. ശശി എന്നിവരടങ്ങിയ മൂന്നംഗ സമിതി തയ്യാറാക്കിയ റിപ്പോർട്ട് കെ.പി.സി.സി അദ്ധ്യക്ഷന് കൈമാറി.

കെ.എസ്.യു നേതൃത്വം ക്യാമ്പ് നടത്തിപ്പിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തെക്കൻ മേഖലാ ക്യാമ്പിനെ കുറിച്ച് കെ.പി.സി.സിയെ അറിയിച്ചില്ലെന്നും ക്യാമ്പ് ഡയറക്ടറെ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാന ഭാരവാഹികൾ തന്നെ ഭാഗമായ കൂട്ടത്തല്ല് പാർട്ടിക്കാകെ നാണക്കേടുണ്ടാക്കി. വിശദമായ അന്വേഷണം നടത്തി ഭാരവാഹികൾക്കെതിരെ കർശന അച്ചടക്കനടപടി വേണമെന്നും മൂന്നംഗസമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് നെയ്യാ‍ർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യട്ടിൽ നടന്ന കെ.എസ്.യു ക്യാമ്പിൽ കൂട്ടത്തല്ല് ഉണ്ടായത്. സംഭവത്തിൽ നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റിരുന്നു.

Advertisement
Advertisement