മഴക്കെടുതിയിൽ ജില്ല, തകർന്നത് 9 വീടുകൾ

Monday 27 May 2024 12:38 AM IST

ഒട്ടുമിക്കയിടങ്ങളും വെള്ളക്കെട്ടിൽ

കൊല്ലം: മഴ ശക്തമായതോടെ ജില്ലയിൽ ഒൻപത് വീടുകൾ തകർന്നു. കൊല്ലത്ത് അഞ്ച് വീടുകളിൽ മൂന്നെണ്ണം പൂർണമായും തകർന്നു. അഞ്ചു വീടുകൾക്കുമായി 5.30 ലക്ഷത്തി​ന്റെ നാശനഷ്ടം കണക്കാക്കുന്നു.

കൊട്ടാരക്കരയിൽ 3 വീടും കുന്നത്തൂരിൽ ഒരു വീടും ഭാഗികമായി തകർന്നു. കൊട്ടാരക്കരയിൽ 38,000 രൂപയുടെയും കുന്നത്തൂരി​ൽ 75,000 രൂപയുടെയും നഷ്ടമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുന്തലത്താഴത്ത് പെരുങ്കുളം നഗർ 110 ൽ രാജന്റെയും പെരുങ്കുളം നഗർ 109 ൽ ഹംദാൻ മൻസിലിൽ ജെബിന്റെയും വീടിന്റെ മതിൽ ഇടിഞ്ഞു. ഇന്നലെ രാവിലെ 9.45നാണ് സംഭവം. ഇവരുടെ വീടിന്റെ താഴെ ഭാഗത്ത് താമസിക്കുന്ന സുദർശനന്റെ വീടിനടുത്തേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. സുദ‌ർശനന്റെ മകന്റെ ഇരുചക്രവാഹനത്തിന് കേടുപറ്റി​. ഇതിന് തൊട്ടടുത്ത് കോർ‌പ്പറേഷന്റെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തി​ക്കുന്നത്. സമീപത്തെ മതിലുകൾ തകർന്നതിനാൽ അങ്കണവാടിയുടെ മതിലും അപകടാവസ്ഥയിലാണ്.

മതിലിൽ, തങ്കശ്ശേരി കാവൽ ജംഗ്ഷൻ, പള്ളിത്തോട്ടം, ശാസ്ത്രി നഗർ, കാവനാട് പൂവൻപുഴ, കൊട്ടിയം, ടൈറ്റാനിയം, തട്ടാമല, ചാത്തന്നൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി, കൊറ്റംകുളങ്ങര, ഡി.സി.സി ഓഫീസ്, കളക്ടറേറ്റിന് സമീപം എന്നി​വി​ടങ്ങളി​ലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ചൂരാങ്കൽ പാലം, പെരുങ്കുളം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ 82 പേരെ വിമലഹൃദയ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊല്ലം നഗരത്തിലാണ്, 34 മില്ലി മീറ്റർ.

സഹായത്തിന് വിളിക്കാം

 വൈദ്യുതി ലൈൻ അപകടം: 1056

 ദുരന്ത നിവാരണ അതോറിട്ടി​: 1077

 കെ.എസ്.ഇ.ബി കൺട്രോൾ റൂം: 1912

 സംസ്ഥാന കൺട്രോൾ റൂം: 1070

Advertisement
Advertisement