പുസ്തകങ്ങൾ റെഡി​, ഇനി​ പഠി​ച്ചാൽ മതി​!

Monday 27 May 2024 12:49 AM IST

ജില്ലയിൽ പാഠപുസ്തക വിതരണം 90 ശതമാനത്തിലെത്തി


കൊല്ലം: സ്‌കൂൾ തുറക്കാൻ ഏഴു ദിവസം ബാക്കി നിൽക്കെ, ജി​ല്ലയി​ൽ പാഠപുസ്തക വിതരണം 90 ശതമാനത്തി​ലെത്തി​. ഇതുവരെ എത്തിയ 19.04 ലക്ഷം പുസ്തകങ്ങളി​ൽ 16.75 ലക്ഷവും വിതരണം ചെയ്തു. 22.54 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ വിതരണത്തിനു വേണ്ടത്. നിലവിൽ 2.3 ലക്ഷം പുസ്തകങ്ങൾ ഡിപ്പോയിൽ സ്‌റ്റോക്കുണ്ട്.

സർക്കാർ, എയ്ഡഡ് അൺ എയ്ഡഡ് മേഖലകളി​ലെ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തക വിതരണം ഏപ്രിലിൽ പൂർത്തിയായി. നിലവിൽ പുതിയ സിലബസിലുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലേക്കുള്ള വിതരണമാണ് പുരോഗമി​ക്കുന്നത്. ജില്ലാ ബുക്ക് ഡിപ്പോയിൽ നിന്ന് ജില്ലയിലെ 292 സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. ഇവിടെ നിന്ന് സ്കൂളുകൾക്ക് കൈമാറും. സ്കൂളുകളി​ൽ എത്തി​യ പുതിയ സിലബസിലുള്ള പുസ്തകങ്ങൾ സർക്കാർ ഉത്തരവ് വന്ന ശേഷമേ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയുള്ളൂ.

സംസ്ഥാനത്ത് ആദ്യമായാണ് അദ്ധ്യയന വർഷം ആരംഭി​ക്കുന്നതി​നു മുമ്പ് പുസ്തകങ്ങളുടെ വിതരണം നടക്കുന്നത്. ജി​ല്ലാ ബുക്ക് ഡിപ്പോയുടെ നേതൃത്വത്തി​ൽ മാർച്ച് 15നാണ് ജില്ലയിൽ വിതരണം ആരംഭിച്ചത്. ആര്യങ്കാവിലെ സെന്റ് മേരീസ് സ്‌കൂളാണ് അവസാനത്തെ വിതരണ കേന്ദ്രം. ഇവിടെ നിന്നാണ് അച്ചൻകോവിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്.

തരം തിരിക്കൽ ചുമതല കുടുംബശ്രീക്ക്

 കുടുംബശ്രീ ജീവനക്കാരെ നിയമിച്ചത് ദിവസവേതനത്തിൽ

 പുസ്തകങ്ങൾ തരം തിരിക്കാൻ 12 സ്ത്രീകൾ

 വിതരണത്തിന് ആറ് യുവാക്കൾ

 ഇരുവിഭാഗത്തിനും 750 രൂപ വേതനം

 സൂപ്പർവൈസർക്ക് 900 രൂപ

 ദിവസവും രാവിലെ 9.30 മുതൽ 5.30 വരെ തരം തിരിക്കൽ

 സൊസൈറ്റികളിലെത്തിക്കുന്നത് ടെണ്ടർ ചെയ്ത് എടുത്ത മൂന്ന് വാഹനങ്ങളിൽ

 കനത്ത മഴ മൂലം കിഴക്കൻ മേഖലയിലേക്കുള്ള ലോഡിന്റെ ഭാരം കുറച്ചു.

ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പുസ്തകവിതരണം പൂർത്തിയാക്കാൻ സാധിക്കും


ജയശ്രീ, ബുക്ക് ഡിപ്പോ സൂപ്പർവൈസർ (കുടുംബശ്രീ)

Advertisement
Advertisement