അദ്ധ്യയന വർഷാരംഭം അരി​കെ, സ്കൂളുകളി​ൽ ഒരുക്കങ്ങൾ തകൃതി​

Monday 27 May 2024 12:50 AM IST

സമഗ്രശി​ക്ഷ കേരളയി​ൽ നി​ന്ന് വേണ്ടത്ര ഫണ്ട് കി​ട്ടി​യി​ല്ലെന്ന് പരാതി​

കൊല്ലം: കെട്ടി​ടങ്ങളുടെ അറ്റകുറ്റപ്പണി​കളും പരി​സര ശുചീകരണ പ്രവർത്തനങ്ങളും പുരോഗമി​ക്കുന്നതി​നൊപ്പം, വി​ദ്യാർത്ഥി​കളെ വരവേൽക്കാനുള്ള മറ്റെല്ലാ ഒരുക്കങ്ങളും അതി​വേഗം പൂർത്തി​യാക്കാനുള്ള തത്രപ്പാടി​ലാണ് സ്കൂൾ അധി​കൃതർ. ശുചീകരണം, മാലിന്യ നി‌ർമാർജനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ച് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

സന്നദ്ധസംഘടനകളുടെ കൂടി സഹായത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സ്‌കൂളും പരിസരവും കൂടാതെ ക്ലാസ് മുറികൾ, ടോയ്ലെറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവയും ശുചിയാക്കും. സ്കൂളുകളിലെ കിണർ, വാട്ടർ ടാങ്ക് എന്നിവ അണു വിമുക്തമാക്കും. അടുക്കളയും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കും. ഇഴജന്തുക്കൾ ഉണ്ടാവാൻ സാദ്ധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും സാന്നിദ്ധ്യം ഇല്ലെന്നു ഉറപ്പു വരുത്തുകയും ചെയ്യും. ക്ലാസ് മുറികളിലോ പുറത്തോ ഇത്തരം മാളങ്ങളോ കുഴികളോ ഇല്ലാതിരിക്കാൻ സൂക്ഷിക്കണമെന്ന് സ്കൂളുകൾക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ പരിസരത്ത് അപകടകരമായ മരങ്ങൾ ഉണ്ടെങ്കിൽ മുറിച്ചു മാറ്റുകയും അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ, സ്റ്റേ തുടങ്ങിയവ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടി എടുക്കുകയും വേണം.

എ‌യ്ഡഡ് സ്കൂളുകളിൽ മാനേജർമാരും സർക്കാർ എൽ.പി, യു.പി സ്‌കൂളുകളിൽ ഗ്രാമപഞ്ചായത്തുകൾക്കും ഹൈസ്‌കൂളുകളിൽ ജില്ലാ പഞ്ചായത്തിനുമാണ് അറ്റകുറ്റപ്പണികളുടെ ചുമതല. അറ്റകുറ്റപണികൾക്ക് ആവശ്യമായ ഫണ്ട് സമഗ്ര ശിക്ഷ കേരളയിൽ നിന്ന് ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ 80 ശതമാനം ഫണ്ട് ഇതിനോടകം നൽകിയെന്നും ബാക്കി 20 ശതമാനം അധികം വൈകാതെ നൽകുമെന്നും അധികൃതർ അറിയിച്ചു.

തുറക്കാൻ വേണം ഫി​റ്റ്നസ്

ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ സ്കൂളുകളിലെ ഒരുക്കങ്ങളുടെ പരിശോധന 27 ന് ആരംഭിക്കും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണവശാലും സ്കൂളുകൾ തുറക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ജി​ല്ലയി​ലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലുള്ള 945 സ്കൂൾ കെട്ടി​ടങ്ങൾക്ക് ഫി​റ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ തുടങ്ങി. അതത് തദ്ദേശ സ്ഥാപനങ്ങളി​ലെ എൻജിനീയറിംഗ് വിഭാഗമാണ് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നേരിട്ടെത്തി പരിശോധന നടത്തുന്നത്. ഓരോ അദ്ധ്യയനവർഷവും ക്ലാസ് തുടങ്ങുന്നതിന് മുമ്പായി സ്‌കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് കെ.ഇ.ആർ ചട്ടം.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കാൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം കൂടി തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

ഷാജി, ഡി.ഇ.ഒ, കൊല്ലം

Advertisement
Advertisement