പ്ലസ്‌വണ്ണിന് അപേക്ഷിച്ചത് മലപ്പുറത്ത് 82,​434 വിദ്യാർത്ഥികൾ

Monday 27 May 2024 12:15 AM IST

മലപ്പുറം: പ്ലസ്‌വൺ പ്രവേശനത്തിനായി ഏകജാലകം വഴി ജില്ലയിൽ അപേക്ഷിച്ചത് 82,​434 വിദ്യാർത്ഥികൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്ത് ആകെ 4,​65,​960 വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി എഴുതിയ 79,​637 പേർ,​ സി.ബി.എസ്.ഇ - 2,​031,​ ഐ.സി.എസ്.ഇ- 12,​ മറ്റ് സിലബസുകൾ - 754,​ വിവിധ ജില്ലകളിൽ നിന്നുള്ള 7,​621 വിദ്യാർത്ഥികൾ എന്നിങ്ങനെയാണ് ജില്ലയിൽ പ്ലസ്‌വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്. സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,​693 പേരും അപേക്ഷ നൽകിയിട്ടുണ്ട്. പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം 25ന് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. 29ന് ട്രയൽ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19നും ആയിരിക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും.

പ്ലസ്‌‌വണ്ണിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായുള്ള സീറ്റുകൾ ജില്ലയിലില്ല. സർക്കാർ,​ എയ്ഡഡ് സ്‌കൂളിൽ - 52,600, അൺ എയ്ഡഡ് - 11,275 ഉൾപ്പെടെ ആകെ 63,875 സീറ്റുകളാണ് ജില്ലയിലുള്ളത്. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് വിഭാഗങ്ങളിലായുള്ള സീറ്റുകളുടെ എണ്ണം യഥാക്രമം 2,790, 1,124, 1,360 എന്നിങ്ങനെയും. ഇതടക്കം 69,149 സീറ്റുകളാണ് ജില്ലയിലുള്ളത്.

ഉറപ്പില്ലാതെ പ്ലസ്‌ വൺ സീറ്റ്

  • പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ച പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് മെറിറ്റ് സീറ്റ് ലഭിച്ചേക്കില്ല. എയ്ഡഡ് സ്‌കൂളുകളെ അധിക സീറ്റുകളുടെ റിപ്പോർട്ട് കൂടി ലഭിച്ചാലേ സീറ്റുകളുടെ വ്യക്തമായ കണക്ക് പറയാനാവൂ.
  • അലോട്ട്‌മെന്റ് തുടങ്ങുന്നതിന്റെ തൊട്ട് മുമ്പായി ലഭ്യമായ മെറിറ്റ് സീറ്റുകളുടെ കണക്ക് വിദ്യഭ്യാസ വകുപ്പ് പുറത്തിറക്കും. ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റും കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
  • അപേക്ഷിക്കുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം സീറ്റ് കൂടി അധികമായി നൽകും. ഇങ്ങനെ വരുമ്പോൾ ഒരു ക്ലാസിൽ 65 കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടി വരുമെന്നതാണ് ആശങ്ക.
  • മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാത്തവർ മാനേജ്മെന്റ് സീറ്റുകളിലും അൺ എയ്ഡഡ് സ്ഥാപനങ്ങളിലും ഓപ്പൺ സ്കൂളിലും പ്രവേശനം തേടേണ്ടി വരും.
Advertisement
Advertisement