വൻ തിരിച്ചുവരവ്, വില കുതിക്കുന്നത് ഈ വിളകൾക്ക്; കിലോയ്ക്ക് 200 കടന്നു

Monday 27 May 2024 12:15 AM IST

കോട്ടയം: രാജ്യാന്തര വിപണിയിലെ ഉണർവിന്റെ കരുത്തിൽ ഇന്ത്യയിലും റബർ വില കിലോയ്ക്ക് 200 കടന്നു. ടയർലോബിയുടെ ഇടപെടലുകൾ മറികടന്ന് ആർ.എസ്.എസ് ഫോർ ഷീറ്റ് വില 180ൽ നിന്ന് 185.50 രൂപയായി. വ്യാപാരി വില 175ൽ നിന്ന് 180.50 രൂപയിലേക്കും ഉയർന്നു. വില വർദ്ധനയ്ക്ക് തടയിടാൻ ടയർ കമ്പനികൾ വിപണിയിൽ നിന്ന് വിട്ടു നിന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല ഷീറ്റ് ശേഖരിച്ച് വച്ചിരുന്ന വൻകിടക്കാർക്ക് നേട്ടമുണ്ടായെങ്കിലും ടാപ്പിംഗ് നടക്കാത്തതിനാൽ വില വർദ്ധനയുടെ ഗുണം സാധാരണ കർഷകർക്ക് ലഭിച്ചില്ല.

കാലാവസ്ഥാ വ്യതിയാനവും രോഗ വ്യാപനവും ഉത്പാദനത്തിൽ ഇടിവുണ്ടാക്കിയതാണ് രാജ്യാന്തര വില 200 രൂപ കടത്തിയത്. ബാങ്കോക്കിൽ ആർ.എസ്.എസ് 4 വില 205 രൂപയിലെത്തി. ചൈനയിലെ 160ൽ നിന്ന് 166 രൂപയായും. ടോക്കിയോ 165ൽ നിന്ന് 171 രൂപയിലേക്കും ഉയർന്നു.

കുരുമുളകിന് വില സമ്മർദ്ദം

ഒന്നര മാസമായി മികച്ച നേട്ടത്തോടെ നീങ്ങിയ കുരുമുളക് കഴിഞ്ഞ വാരം തിരിച്ചടി നേരിട്ടു. അതേസമയം വിലകൂടുമെന്ന പ്രതീക്ഷയിൽ ചരക്ക് വിൽക്കാതെ സൂക്ഷിച്ച വൻകിടക്കാർ പ്രതിസന്ധിയിലായി. വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും മുളക് എത്തിയാൽ വില ഇനിയും ഇടിയും . ഇറക്കുമതി മുളക് കർണാടകയിലെ മൂപ്പു കുറഞ്ഞ കുരുമുളകിനൊപ്പം​ കലർത്തി കിലോക്ക് 300 രൂപക്കാണ് ഉത്തരേന്ത്യയിലെ മസാല കമ്പനികൾക്ക് വിൽക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഉത്തരേന്ത്യയിൽ കുരുമുളക് ലഭിക്കുന്നതാണ് കേരളത്തിന് തിരിച്ചടി. കൊച്ചി വില അൺഗാർബിൾഡ് കിലോ 572 രൂപയും ഗാർബിൾഡ് 592 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളകിനാണ് ഡിമാൻഡ്.

രാജ്യം കയറ്റുമതി വില ടണ്ണിന് (ഡോളർ)

ഇന്ത്യ 7200

ശ്രീലങ്ക 5900

വിയറ്റ്നാം 5350

ബ്രസീൽ 5000

ഇന്ത്യോനേഷ്യ 5500

വേനൽ മഴയിൽ ടാപ്പിംഗ് നടക്കാത്തതിനാൽ റബർ വില 180ന് മുകളിൽ എത്തിയതിന്റെ നേട്ടം സാധാരണ കർഷകർക്ക് ലഭിച്ചില്ല. സർക്കാർ താങ്ങുവില 180ൽ നിന്ന് 200 രൂപയാക്കണമെന്ന് റബർ കർഷകൻ തോമസ് കുട്ടി പ്രതികരിച്ചു.

Advertisement
Advertisement