ബാർ പിരിവ് ആസ്ഥാന മന്ദിരത്തിനല്ല

Monday 27 May 2024 1:15 AM IST

തിരുവനന്തപുരം: ബാർകോഴ വിവാദം മുറുകിയിരിക്കെ,​ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷന് തലസ്ഥാനത്ത് ആസ്ഥാനമന്ദിരം വാങ്ങാനുള്ള ആവശ്യത്തിനാണ് രണ്ടര ലക്ഷം രൂപവീതം അംഗങ്ങളോട് ആവശ്യപ്പെട്ടതെന്ന അസോസിയേഷന്റെ വാദം പൊളിയുന്നു. ഇതിനായി ഒരുലക്ഷം വീതം നാലു മാസം മുമ്പ് പിരിച്ചിരുന്നു. രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 6.30 കോടിയാണ് മന്ദിരത്തിനായി വേണ്ടിയിരുന്നത്.

ലോക്‌‌സഭ തിരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന നൽകാനും രണ്ടു ലക്ഷം വീതം പിരിച്ചിരുന്നു. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കൽ, ബാറുകളുടെ സമയപരിധി കൂട്ടൽ തുടങ്ങിയവയ്ക്ക് വേണ്ടിയെന്ന് ധരിപ്പിച്ചായിരുന്നു ഇപ്പോഴത്തെ പിരിവ്. ബാറുടമകൾ രണ്ടര ലക്ഷവും ബിയർ,​ വൈൻ പാർലറുകൾ ഒരു ലക്ഷവും നൽകണമെന്നായിരുന്നു നിർദ്ദേശം.

ഐ.ടി മേഖലയിലും വ്യവസായ പാർക്കുകളിലും മദ്യവില്പന തുടങ്ങണമെന്ന നിലപാടിൽ സർക്കാർ എത്തിയതോടെയാണ് ബാറുടമകൾക്ക് ഡ്രൈ ഡേ നീക്കുമെന്ന പ്രതീക്ഷയുണ്ടായത്. ഐ.ടി മേഖലയിൽ നിക്ഷേപത്തിന് തയ്യാറുള്ള വിദേശ കമ്പനികൾ മദ്യലഭ്യതയും സൂചിപ്പിച്ചിരുന്നു.

ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ടൂറിസം മേഖലയിൽ മദ്യലഭ്യതയുടെ കാര്യത്തിൽ ഇളവ് വേണമെന്ന നിർദ്ദേശവും ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് അസോസിയേഷൻ യോഗത്തിൽ ഇക്കാര്യം ചർച്ചയായത്. തുടർച്ചയായി പിരിവ് നടത്തുന്നതിലെ നീരസം ചില അംഗങ്ങൾ യോഗത്തിൽ പ്രകടിപ്പിച്ചതായും സൂചനയുണ്ട്.

Advertisement
Advertisement