ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഇലക്ട്രിക് കാറുകൾ

Tuesday 28 May 2024 1:39 AM IST

കൊച്ചി: വൈദ്യുതി വാഹന വിപണിയിൽ മികച്ച ഇന്ധനക്ഷമതയ്ക്കും ആകർഷമായ ഡിസൈനിലുമാണ് ഉപഭോക്താക്കൾ പ്രധാനമായും ശ്രദ്ധ നൽകുന്നത്. ദീർഘദൂര യാത്രകൾക്ക് ഫോസിൽ അധിഷ്ഠിത വാഹനങ്ങളും നഗരത്തിരക്കിൽ വലുപ്പം കുറഞ്ഞതും മികച്ച ഇന്ധനക്ഷമത നൽകുന്നതുമായ വൈദ്യുത കാറുകളും തിരഞ്ഞെടുക്കുന്നവരുടെ എണ്ണം തുടർച്ചയായി കൂടുകയാണ്. ടാറ്റ മോട്ടോഴ്സ്, നിസാൻ മോട്ടോഴ്സ്, എം. ജി ഹെക്ടർ തുടങ്ങിയവയുടെ ചെറു കാറുകളാണ് തിരക്ക് കൂടിയ പട്ടണങ്ങളിലും വലിയ നഗരങ്ങളിലും നിരത്തിലെ താരങ്ങളാകുന്നത്. അതസമയം ആഡംബര വിപണിയിൽ കിയയും മേഴ്സിഡസ് ബെൻസും ബി.എം.ഡബ്‌ളിയുവുമെല്ലാം ഉപഭോക്തൃപ്രീതി നേടുന്നു.

എം. ജി ഹെക്ടർ കോമറ്റ്

നഗരങ്ങളിലും ചെറു പട്ടണങ്ങളിലും അതിവേഗം ഉപഭോക്താക്കളുടെ മനം കീഴടക്കുന്ന പ്രധാന ഇലക്ട്രിക് കാർ മോഡൽ എം. ജി ഹെക്ടറിന്റെ കോമറ്റാണ്. ഏതൊരു തിരക്കിനിടയിലും കൊണ്ടു നടക്കാൻ കഴിയുന്നതിനൊപ്പം പാർക്കിംഗ് എളുപ്പമാണെന്നതും കൊമറ്റിനെ നഗരങ്ങളിൽ പ്രിയങ്കരമാക്കുന്നു. മികച്ച റൈഡിംഗ് ക്വാളിറ്റിയും മോഡേൺ ലുക്കുമുള്ള കോമറ്റിൽ ചെറിയ ബാറ്ററിയാണുള്ളത്. ആയിരം കിലോ മീറ്റർ യാത്ര ചെയ്യുന്നതിനുള്ള ചെലവ് 519 രൂപയെന്നാണ് കമ്പനിയുടെ വാഗ്ദാനം. ബേസ് മോഡലിന് 6.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നാല് വേരിയന്റുകളുണ്ട്. ഫുൾ ഓപ്ഷന്റെ വില 8.8 ലക്ഷം രൂപയാണ്.

ടാറ്റ ടിയാഗോ ഇലക്ട്രിക്

ആകർഷകമായ ഫീച്ചറുകളും അധിക സൗകര്യങ്ങളുമായി നഗരങ്ങളിലെ ചെറുകാർ ഉപഭോക്താക്കൾക്ക് ആവേശം പകരാനാണ് ടാറ്റ മോട്ടോഴ്സ് ടിയാഗോയുടെ നവീകരിച്ച മോഡൽ അവതരിപ്പിക്കുന്നത്. പവർഫുൾ ബാറ്ററിയും മികച്ച റേഞ്ചുമാണ് പ്രധാന ശക്തി. 24 കിലോവാട്ട് ബാറ്ററിയും 315 കിലോമീറ്റർ റേഞ്ചുമുള്ള അടിസ്ഥാന മോഡലും 19 കിലോവാട്ട് ബാറ്ററിയും 250 കിലോമീറ്റർ റേഞ്ചുമുള്ള രണ്ട് മോഡലുകളാണ് ടിയാഗോ ഇലക്ട്രിക്കിലുള്ളത്. വില 7.99 ലക്ഷം മുതൽ 11.89 ലക്ഷം രൂപ വരെയാണ്.

സിട്രോൺ ഇസി3 ഇലക്ട്രിക്

ഫ്രാൻസിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ സിട്രോണിന്റെ എസ്. യു. വിയായ ഇസി3 ഇ. വി ചെറുകുടുംബങ്ങൾക്ക് അനുയോജ്യമായ മോഡലാണ്. താങ്ങാവുന്ന വിലയും സുഖകരമായ യാത്രയും വാഹനത്തിന് ആരാധകരെ കൂട്ടുന്നു. വിശാലമായ അകത്തളവും മികച്ച ഡിസൈനും അധിക ആകർഷണമാണ്. പത്ത് ലക്ഷം രൂപയ്ക്ക് താഴെയാണ് വില.

കിയ ഇ. വി6

അത്യാഡംബര വിഭാഗത്തിൽ ജനപ്രിയത ഏറെ നേടുന്ന വൈദ്യുതി കാറാണ് കിയ ഇ. വി6. കിയയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോഡലാണിത്. ഹ്യൂണ്ടായ് ഗ്രൂപ്പിന്റെ ഇ ജി.എം.പി പ്ളാറ്റ്ഫോമിൽ ഒരുക്കിയിട്ടുള്ള കിയ ഇ.വി6 77.4 കിലോവാട്ട് ബാറ്ററിയുമായാണ് എത്തുന്നത്. വണ്ടിയുടെ റേഞ്ച് 528 കിലോമീറ്ററാണ്. വില 60.95 ലക്ഷം രൂപ മുതൽ 65.95 ലക്ഷം രൂപ വരെയാണ്.

Advertisement
Advertisement