പ്രവാസികൾക്ക് തിരിച്ചടി; സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്

Monday 27 May 2024 3:46 PM IST

മസ്‌കറ്റ്: കേരള സെക്‌റ്ററിൽ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. മേയ് അവസാനം വരെ നിരവധി വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിൽ അറിയിച്ചു.

മേയ് 29, 31 തീയതികളിൽ കോഴിക്കോട് - മസ്‌കറ്റ്, 30, ജൂൺ ഒന്ന് തീയതികളിൽ മസ്കറ്റ് - കോഴിക്കോട് വിമാനങ്ങളാണ് റദ്ദാക്കിയത്. മേയ് 30ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്കും ഇവിടെ നിന്ന് കണ്ണൂരിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ജൂൺ മാസത്തിൽ നിരവധി വിമാനങ്ങൾ മെർജ് ചെയ്‌തതായും എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചിട്ടുണ്ട്. ജൂൺ എട്ട്, ഒമ്പത് തീയതികളിലുള്ള മസ്‌കറ്റ് - കോഴിക്കോട്, മസ്‌കറ്റ് - തിരുവനന്തപുരം സർവീസുകൾ ലയിപ്പിച്ച് ഒറ്റ സർവീസുകളായിരിക്കും നടത്തുക.

കഴിഞ്ഞ ആഴ്‌ചയും എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കിയിരുന്നു. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതുകൂടാതെ നെടുമ്പാശേരിയിലെ രണ്ട് വിമാന സർവീസുകളും മുടങ്ങിയിരുന്നു.

എയർ ഇന്ത്യ എക്‌സ്‌‌പ്രസ് കാബിൻ ക്രൂ സമരത്തിൽ കണ്ണൂർ വിമാനത്താവളത്തിന് അഞ്ച് കോടിയുടെ നഷ്ടമാണുണ്ടായെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇവിടെ മാത്രം നാലായിരത്തിലധികം പേരുടെ യാത്രയാണ് മുടങ്ങിയത്.

ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) സാന്നിദ്ധ്യത്തിൽ ജീവനക്കാരുടെ സംഘടനയും എയർ ഇന്ത്യ പ്രതിനിധികളും നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിപ്പിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് എയർ ഇന്ത്യ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു. വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത് യാത്രക്കാർക്ക് അസൗകര്യവും കമ്പനിക്ക് നാണക്കേടും വൻ സാമ്പത്തിക നഷ്‌ടവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടി 30 ജീവനക്കാർക്ക് പിരിച്ചുവിട്ടൽ നോട്ടീസ് നൽകിയിരുന്നതും റദ്ദാക്കിയിരുന്നു.

Advertisement
Advertisement