ടെക്കി ഫുട്ബാൾ കി​ടി​ലോൽക്കി​ടി​ലം

Tuesday 28 May 2024 1:08 AM IST
ടെക്കികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിന് ഒരുക്കിയ ഫോട്ടോ ഷൂട്ട്

കൊച്ചി: ഇൻഫോപാർക്കിലെ ടെക്കികൾ സംഘടി​പ്പി​ച്ച ക്രി​ക്കറ്റ് ടൂർണമെന്റ് ആവേശകരമായി​. കോർപ്പറേറ്റ് ചാമ്പ്യൻസ് ലീഗ് ഫുട്‌ബാൾ അഞ്ചാംലക്കം പെൺകരുത്തിന്റെ വിളംബരമാകുകയായിരുന്നു.

വനിതകൾക്ക് മാത്രമായി സംഘടിപ്പിച്ച മത്സരത്തിൽ 12 ടീമുകൾ മാറ്റുരച്ചു. വിപ്രോ ടീം കിരീടം കരസ്ഥമാക്കി. യു.എസ്.ടി ഗ്ലോബൽ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

അപേക്ഷിച്ച 17ൽ 12 ടീമുകളെയാണ് തിരഞ്ഞെടുത്തത്.

കേരള ഫുട്‌ബാൾ അസോസിയേഷനിൽ നിന്നുള്ള റഫറിമാരും ഒഫീഷ്യൽസുമാണ് കളികൾ നിയന്ത്രിച്ചത്. അഞ്ചുപേർ ഉൾപ്പെട്ടതായിരുന്നു ടീം. ഇൻഫോപാർക്കിന് സമീപത്തെ ടർഫിൽ നടന്ന മത്സരങ്ങൾക്ക് മികച്ച നിലവാരത്തിൽ ഗ്രൗണ്ടും അനുബന്ധസൗകര്യങ്ങളും ഒരുക്കി. ഓരോ കളിയിലും ക്വീൻ ഒഫ് ദ് മാച്ച് സമ്മാനങ്ങളും നൽകി.

2017ലാണ് ഇൻഫോപാർക്കിലെ കമ്പനികൾക്കായി കോർപ്പറേറ്റ് ചാമ്പ്യൻസ് ലീഗെന്ന പേരിൽ സി.ആർ. രാജേഷ്, ജോർജ് നെൽസൺ, കെ.സി. അതുൽ, ശ്യാം കിഷൻ എന്നിവർ ഫുട്‌ബാൾ മത്സരം ആരംഭിച്ചത്. മുൻവർഷങ്ങളിൽ പെനാൽട്ടി കിക്ക് പോലുള്ള ചെറിയ ഇനങ്ങളാണ് സ്ത്രീകൾക്കായി നടത്തിയത്. തുല്യ അവസരം നൽകുന്നതിനും സ്ത്രീശാക്തീകരണസന്ദേശം നൽകുന്നതിനും വനിതകൾക്ക് മാത്രമായി മത്സരം സംഘടിപ്പിക്കുകയായിരുന്നു.

വെറൈറ്റി​ ഫോട്ടോഷൂട്ട്

മത്സരത്തിന് മുമ്പ് ടീമുകളുടെയും ടൂർണമെന്റിന്റെയും പരസ്യപ്രചാരണങ്ങൾ ചെയ്തിരുന്നു. ഓട്ടോ തൊഴിലാളികൾ, നിർമ്മാണത്തൊഴിലാളികൾ, മാലിന്യം നീക്കുന്നവർ, നഴ്‌സുമാർ തുടങ്ങിയവരുടെ തൊഴിലിടങ്ങളിൽ എത്തിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വലിയ സ്വീകാര്യതയും ലഭിച്ചെന്ന് സംഘാടകർ പറഞ്ഞു.

......................................................

''ജയമോ പരാജയമോയല്ല, വലിയ ആത്മവിശ്വാസമാണ് ഞങ്ങൾക്ക് മത്സരങ്ങൾ നൽകിയത്. അവസരം ലഭിച്ചാൽ ഏതുരംഗത്തും തിളങ്ങാനാകുമെന്ന വിശ്വാസം കൂടി മത്സരങ്ങൾ നൽകി.""

അന്ന. ക്യാപ്റ്റൻ

വിപ്രോ ടീം

''വരുംവർഷങ്ങളിൽ അഖിലേന്ത്യാതലത്തിൽ മത്സരം സംഘടിപ്പിക്കാനാണ് ശ്രമം. അടുത്ത വർഷം മുതൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കും.""

സി.ആർ. രാജേഷ്, സംഘാടകൻ

Advertisement
Advertisement