ആദ്യരാത്രിക്ക് ശേഷം വധുവിനെ കണ്ട് ഞെട്ടി യുവ എൻജീനിയർ; പിന്നാലെ ബന്ധം വേർപെടുത്താൻ തീരുമാനം

Monday 27 May 2024 8:07 PM IST

കുവെെറ്റ്: ചില നിസാര കാര്യങ്ങൾക്കാണ് ഇപ്പോൾ വിവാഹ മോചനങ്ങൾ നടക്കുന്നത്. അടുത്തിടെ ലക്‌നൗവിൽ കുർക്കുറേ വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഭാര്യയിൽ നിന്ന് വിവാഹ മോചനം തേടിയ കുവെെറ്റിലെ എൻജീനിയറുടെയാണ് അത്. വധുവിന്റെ കണ്ണിന്റെ നിറത്തിന്റെ പേരിലാണ് തർക്കം ഉണ്ടായത്. അൽ - സബാഹിയ സ്വദേശിയായ എൻജീനിയറാണ് കണ്ണിന്റെ നിറത്തിന്റെ പേരിൽ ഭാര്യയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

വധുവിന്റെ കണ്ണിന്റെ നിറം കറുപ്പാണെന്നാണ് ആദ്യം വരൻ കരുതിയിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ഭാര്യയുടെ കണ്ണിന്റെ നിറം പച്ചയാണെന്ന് വരന് മനസിലാകുന്നത്. വധു കോൺടാക്റ്റ് ലെൻസ് വയ്ക്കുന്ന കാര്യം വരന് അറിയില്ലായിരുന്നു. പിന്നാലെയുവാവ് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. കാഴ്ച പ്രശ്നങ്ങളുള്ളതിനാൽ യുവതി കോൺടാക്റ്റ് ലെൻസ് സ്ഥിരമായി ഉപയോഗിച്ചിരുന്നു.

യുവാവ് വിവാഹ നിശ്ചയത്തിന് ശേഷം കണ്ണിന്റെ നിറത്തെക്കുറിച്ച് ചോദിച്ചതുമില്ല. എന്നാൽ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചാണ് ഇയാൾ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കണ്ണിന്റെ നിറം ഭാവിയിൽ ജനിക്കാൻ പോകുന്ന കുട്ടികളെയും ബാധിക്കുമെന്നാണ് ഇയാൾ ആരോപിക്കുന്നത്. സംഭവത്തിൽ യുവതിയുടെ കുടുംബം ഇടപെട്ട് വരനെ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

Advertisement
Advertisement