* സർക്കാർ ജോലിക്ക് 2 വർഷം ഇടവേള * സൈക്കിളിൽ വീണ്ടും ലോകം ചുറ്റാൻ അരുൺ

Tuesday 28 May 2024 1:12 AM IST
അരുൺ തഥാഗത് യാത്രയ്ക്കുള്ള സൈക്കിളുമായി

കോലഞ്ചേരി: ജോലിയിൽ നിന്ന് രണ്ടു വർഷം അവധിയെടുത്ത് സൈക്കിളിൽ വീണ്ടും ലോകം ചുറ്റാനൊരുങ്ങി അരുൺ തഥാഗത്. അരുണിന്റെ രണ്ടാമത് ലോക പര്യടനത്തിന് ആഗസ്റ്റിൽ പാരീസിലെ ഒളിമ്പിക് വേദിയിൽ തുടക്കമാകും.രണ്ടുലക്ഷം രൂപയ്ക്ക് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത സർളി സൈക്കിളിലാണ് ഇക്കുറിയും യാത്ര. പാരീസ് വരെ വിമാനത്തിൽ. തുടർന്ന് ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, റൊമേനിയ, ബൾഗേറിയ വഴി ടർക്കിയിലെ ഇസ്താംബൂളിലേക്ക്.

ഇന്ത്യൻ പാസപോർട്ടുള്ളവർക്ക് ഷെൻജൻ വിസയുടെ കാലാവധി 90 ദിവസമാണ്. പുതുക്കാൻ ആറുമാസം കഴിയണം. ഇക്കാലത്ത് ടർക്കിയിൽ നിന്ന് ഇറാൻ വഴി ഗൾഫ് രാജ്യങ്ങളിലെത്തി ആറുമാസം അവിടെ യാത്ര. വിസ പുതുക്കി ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ, ഫിൻലൻഡ്, സ്വീഡൻ, നോർവേ വരെ. വിസ തീരുമ്പോൾ വിമാനത്തിൽ ഖസാക്കിസ്ഥാനിലെത്തി താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ വഴി ഇറാൻ വരെ ആറുമാസം. വീണ്ടും കേരളത്തിലെത്തി വിസ പുതുക്കി ഡെന്മാർക്കിലേക്ക്. നെതർലാൻഡ്‌സ്, ബെൽജിയം, പോർച്ചുഗൽ, സ്‌പെയിൻ, മൊറോക്കോ, ടുണീഷ്യ വഴി ഈജിപ്ത് വരെ യാത്ര.
ആളുകളുമായി ഇടപഴകി ദിവസവും 50 കിലോമീറ്റർ താണ്ടും. പഴങ്ങളും, ജ്യൂസും പച്ചക്കറികളും മാത്രമാകും ഭക്ഷണം. സൈക്കിൾ യാത്രികർക്കായുള്ള ക്യാമ്പ് ഹൗസുകളിൽ തങ്ങും. സപോൺസർമാരുടെ സഹായമുണ്ടാകും.
അരുണിന്റെ ആദ്യ സൈക്കിൾ യാത്ര 2019ൽ നാഗാലാൻഡ്, മണിപ്പൂർ വഴി മ്യാൻമാർ, തായ്‌ലാൻഡ്, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലേക്കായിരുന്നു. ഒരു വർഷംകൊണ്ട് 15,000 കിലോമീറ്റർ താണ്ടിയപ്പോഴേക്കും കൊവിഡ് വ്യാപനമായി. അതോടെ, എറണാകുളം കളക്ടറേറ്റിലെ റവന്യൂ ഓഫീസിൽ സീനിയർ ക്‌ളാർക്കായ അരുൺ തിരികെയെത്തി ജോലിക്കു കയറി.


ഗൗതമബുദ്ധന്റെ ആരാധകൻ
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ അരുൺ ഗൗതമബുദ്ധനോടുള്ള ആരാധനയാലാണ് പേരിനൊപ്പം തഥാഗത് ചേർത്തത്.
തൃപ്പൂണിത്തുറയ്ക്കടുത്ത് അമ്പലമുകൾ പാറേക്കാട്ടിൽ നാരായണന്റെയും തങ്കമണിയുടെയും മകനാണ് ഏകാന്തജീവിതം നയിക്കുന്ന ഈ 42കാരൻ. പരിസ്ഥിതിസൗഹൃദ ഗൃഹനിർമ്മാണം ഇഷ്ടമേഖല. ഒന്നരലക്ഷം രൂപ ചെലവിൽ 10 ദിവസം കൊണ്ട് നിർമ്മിച്ച അരുണിന്റെ മൂന്നുനില മുളവീട് പ്രശസ്തമാണ്.


വില്ലേജ് ഓഫീസർ വരെയെത്തേണ്ട രണ്ട് പ്രൊമോഷനുകൾ ഒഴിവാക്കി സീനിയർ ക്‌ളാർക്കായി തുടരുന്നത് സ്വപ്ന യാത്രകൾക്കായാണ്.
അരുൺ തഥാഗത്

Advertisement
Advertisement