ഉറങ്ങുമ്പോൾ വിവരം കടത്തും വാട്സ് ആപ്പ്
തിരുവനന്തപുരം: 'രാത്രി സുഖമായി ഉറങ്ങുമ്പോൾ വാട്സ് ആപ്പ് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കടത്തുന്ന തിരക്കിലാകും.' കഴിഞ്ഞദിവസം ടെസ്ല സി.ഇ.ഒ ഇലൻ മസ്ക് സമൂഹമാദ്ധ്യമ പ്ലാറ്ര്‌ഫോമായ എക്സിലൂടെ(ട്വിറ്റർ) പങ്കുവച്ച പോസ്റ്റ് വാട്സ് ആപ്പ് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.
വാട്സ് ആപ്പ് പുതിയ എ.ഐ ഫീച്ചറുകൾ പുറത്തിറക്കാൻ ഒരുങ്ങിയിരിക്കെയാണ് മസ്കിന്റെ ആരോപണം. ഒരു സന്ദർഭം ടൈപ്പ് ചെയ്താൽ അതുപോലെയുള്ള പ്രൊഫൈൽ പിക്ചർ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള ഫീച്ചറുകളാണ് വാട്സ് ആപ്പ് പുറത്തിറക്കുന്നത്. ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങൾ കോടികൾക്കാണ് വാട്സ് ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ വിദേശത്തേക്ക് കടത്തുന്നതെന്നാണ് മസ്കിന്റെ ആരോപണം. എൻഡ് ടു എൻഡ് എൻക്രിഷ്പൻ പേരിനു മാത്രമാണെന്ന് മുൻപും വാട്സ് ആപ്പിനെതിരെ ആരോപണം ഉണ്ടായിട്ടുണ്ട്. പേര്, സ്ഥലം, വയസ് അടക്കമുള്ള വിവരങ്ങൾ സൈബർ അധോലോകമായ ഡാർക്ക് വെബിലും വിൽക്കും. വിവരങ്ങളിലൂടെ ഒരാളുടെ അഭിരുചി മനസിലാക്കി ഫെയ്സ്ബുക്കിൽ പരസ്യങ്ങൾ കൊണ്ടുവന്ന്, അതിലൂടെ വരുമാനം നേടാനും വാട്സ് ആപ്പ് ശ്രമിക്കുന്നുണ്ട്. അതേസമയം, രഹസ്യസ്വഭാവമുള്ള ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ വാട്സ് ആപ്പ് അടുത്തിടെ ചാറ്റ്ലോക്ക് ഫീച്ചർ കൊണ്ടുവന്നിരുന്നു.
തീം മാറ്റാം
ഓരോ സന്ദേശത്തിനും ഇഷ്ടമുള്ള നിറങ്ങളും പ്രമേയവും നൽകാവുന്ന ഫീച്ചറും വാട്സ് ആപ്പ് പുറത്തിറക്കുമെന്നാണ് സൂചന. മെസെൻജറിലും ഇൻസ്റ്റഗ്രാമിലും സമാനമായ ഫീച്ചറുണ്ട്. പരിചിതരുടെ ഫോട്ടോകൾ നൽകിയാൽ കൗതുകമുള്ള എ.ഐ വീഡിയോകൾ സൃഷ്ടിക്കുന്ന സേവനം ഇറക്കാനും വാട്സ് ആപ്പിന് പദ്ധതിയുണ്ട്.
വ്യക്തികളുടെ ഫോട്ടോകൾ നൽകിയാൽ സ്റ്റിക്കറുകൾ നിർമ്മിക്കാം. വീഡിയോ ഫീച്ചർ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. ഫോട്ടോകളും ഡോക്യുമെന്റുകളും വീഡിയോകളും വാട്സ് ആപ്പിൽ പങ്കുവയ്ക്കാൻ ഇന്റർനെറ്റ് ആവശ്യമില്ലാത്ത ഫീച്ചറും കൊണ്ടുവരും.