'കോപ്രാട്ടി 'ഹിറ്റായി നാട്ടുജീവിതത്തിലൂടെ

Tuesday 28 May 2024 12:02 AM IST
കോപ്രാട്ടി സംഘാടകർ

കോഴിക്കോട്: നാട്ടുജിവിതം പറഞ്ഞ 'കോപ്രാട്ടി ' ഇപ്പോൾ നാട്ടിലാകെ ഹിറ്റാണ്. നാദാപുരം കൈവേലിയിലെ ഏഴ് നാടക കലാകാരന്മാർ ഗ്രാമീണ ജീവിതം പറയാൻ ആരംഭിച്ച 'കോപ്രാട്ടി ' യൂട്യൂബ് ചാനലാണ് വൈറലായിരിക്കുന്നത്. ഗ്രാമീണ ജീവിതത്തിലുണ്ടാകുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങ ൾ കോർത്തിണക്കി വെബ് സീരീസുകളൊരുക്കുന്നതാണ് കോപ്രാട്ടിയെ ഇതര യൂട്യൂബ് ചാനലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

നാട്ടിൻപുറത്തെ സ്ത്രീകൾ, കാർ വർക്ക് ഷോപ്പുകാരൻ, തേപ്പു പണിക്കാരൻ, ഡ്രൈവർ എന്നിവരെല്ലാമാണ് അഭിനേതാക്കൾ. സുധീഷ് കൈവേലി സംവിധാനം ചെയ്ത ട്രൗസർ, പള്ളിക്കൂടം, ജീവിതം, താലിമാല തുടങ്ങി 16 എപ്പിസോഡുകൾ പുറത്തിറക്കിയ കോപ്രാട്ടി കഴിഞ്ഞ വർഷം നവംബറിലാണ് ആരംഭിച്ചത്. കൊടുക്ക'യാണ് ആദ്യ എപ്പിസോഡ്. നുറുങ്ങ് നർമ്മങ്ങൾ പ്രാദേശിക ഭാഷയിൽ ചാലിച്ചാണ് കോപ്രാട്ടി എപ്പിസോഡുകൾ ഒരുക്കുന്നത്. തുടക്കത്തിൽ സ്വന്തം പണമെടുത്താണ് എപ്പിസോഡുകൾ തയ്യാറാക്കിയത്. ഇപ്പോൾ യൂട്യൂബ് വരുമാനമുണ്ട്. അ‌ഞ്ച് ലക്ഷം കാഴ്ചക്കാരുണ്ട് കോപ്രാട്ടിക്ക്. എടച്ചേരി ലിനീഷും , അശ്വന്ത് ലാലുമാണ് ക്യാമറ. കായക്കൊടിഎ.എം.യു.പി സ്കൂളിനു വേണ്ടി ചെയ്ത 'വറ്റാണ് അടുത്ത സീരീസ്.

Advertisement
Advertisement