സ്കൂൾ , കോളേജ് നിയമനങ്ങളിൽ സംവരണം: സർക്കാർ ഉത്തരവ് തള്ളി ദേവസ്വം ബോർഡ്

Tuesday 28 May 2024 4:40 AM IST

കൊച്ചി: ദേവസ്വം ബോർഡുകളുടെ കോളേജുകളിലും സ്കൂളുകളിലും നിയമനത്തിൽ സംവരണം പാലിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സർക്കാർ ഉത്തരവ് ബാധകമല്ലെന്നും യു.ജി.സി റെഗുലേഷൻ പ്രകാരമാണ് നിയമനമെന്നും ഇന്നലെ ഹൈക്കോടതിയിലെ കേസിൽ ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു.

സ്കൂളുകളിലെ നിയമനങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിൽ വരാത്തതിനാൽ സർക്കാരിന്റെ സംവരണനയം ബാധകമല്ലെന്നും, ബോർഡിന്റെ നാലു കോളേജുകളിലും 2018ലെ യു.ജി.സി റെഗുലേഷൻ മാത്രമാണ് ബാധകമെന്നും

ബോർഡ് സെക്രട്ടറി ജി.ബൈജു സമർപ്പിച്ച സത്യവാങ്മൂലത്തിലും പറഞ്ഞു. സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാരിന്റെ സംവരണ നയങ്ങൾ ബാധകല്ലെന്ന 2015ലെ ഹൈക്കോടതി വിധിയും പരാമർശിച്ചിട്ടുണ്ട്.

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹർജി തീർപ്പാക്കണമെന്ന ജിനേഷ് ജോഷിയുടെ അപേക്ഷയെ തുടർന്നാണ് ദേവസ്വം ബോർഡ് പ്രതികരിച്ചത്.
ദേവസ്വം ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലെ തീരുമാനമാണിതെന്ന് ഉത്തരവിലുള്ള കാര്യം ജഡ്ജി എ.എ. സിയാദ് റഹ്മാൻ ചൂണ്ടിക്കാട്ടിയപ്പോൾ, ദേവസ്വം ബോർഡ് സ്വയംഭരണ സ്ഥാപനമാണെന്നും ബോർഡ് തീരുമാനം എടുക്കാതെ സർക്കാർ ഉത്തരവ് നടപ്പാക്കാനാവില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മിഷൻ പിന്തുടരുന്ന റൊട്ടേഷൻ സമ്പ്രദായപ്രകാരം സംവരണം പാലിച്ച് നടപ്പാക്കാൻ ബോർഡുകളെ ചുമതലപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി 29നാണ് ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം ഉത്തരവിട്ടത്. ബോർഡുകളുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു ഉത്തരവ്.

ദേവസ്വം മന്ത്രി​യുടെ

യോഗം ഇന്ന്

സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെയും ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡി​ന്റെയും യോഗം ഇന്ന് മന്ത്രി​ കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയി​ൽ തി​രുവനന്തപുരം മണ്ണന്തലയി​ൽ ചേരും. അജണ്ടയിൽ വി​ദ്യാഭ്യാസ സ്ഥാപനങ്ങളിലെ നി​യമനം ഉൾപ്പെടുത്തണമെന്ന്

റി​ക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെട്ടി​ട്ടുണ്ട്.

'ദേവസ്വം വി​ദ്യാഭ്യാസ സ്ഥാപനങ്ങളി​ലെ നി​യമനങ്ങൾ നടത്താൻ കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് തയ്യാറാണ്. അതി​ന് റി​ക്രൂട്ട്മെന്റ് ആക്ടി​ൽ നി​യമഭേദഗതി​ വേണം.

അഡ്വ. കെ.ബി​.മോഹൻദാസ്

ചെയർമാൻ

കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ്

റിക്രൂട്ട്മെന്റ് ബോർഡിന് നിയമനം വിട്ട് നൽകാതെ ദേവസ്വം വിദ്യാലയങ്ങളിലെ അഴിമതി നിയമനം തുടരാനാണ് ബോർഡുകളുടെ ശ്രമം. ഇത് തടയാൻ ദേവസ്വംമന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് ഇടപെടണം.

-വി.ആർ. ജോഷി

മുൻ ഡയറക്ടർ

പിന്നാക്കക്ഷേമ വകുപ്പ്

കോളേജുകൾ,

സ്കൂളുകൾ:

□തി​രു. ദേവസ്വം ബോർഡ് : 4, 22

□കൊച്ചി​ൻ ദേവസ്വം ബോർഡ് : 2, 1

□ഗുരുവായൂർ ദേവസ്വം ബോർഡ് : 1, 1

Advertisement
Advertisement