ജൂൺ ഒന്ന് മുതൽ ട്രെയിനുകൾ വൈകും, 4 മണിക്കൂർ വരെ

Tuesday 28 May 2024 1:02 AM IST
train

പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് വഴിയുള്ള 10 ട്രെയിനുകൾ അടുത്ത മാസം മണിക്കൂറുകളോളം വൈകിയോടും. ജൂൺ ഒന്നിനോ അതിനു ശേഷമുള്ള ദിവസങ്ങളിലോ പുറപ്പെടുന്ന ട്രെയിനുകൾ നിലവിലെ സമയക്രമത്തിൽ നിന്ന് അര മണിക്കൂർ മുതൽ 3.50 മണിക്കൂർ വരെയാണ് വൈകിയോടുക. ചെന്നൈ, മുംബൈ, നിസാമുദ്ദീൻ, ലോകമാന്യതിലക്, പോർബന്തർ തുടങ്ങി ദീർഘദൂര റൂട്ടുകളിലെ പ്രതിദിന, പ്രതിവാര ട്രെയിനുകളും ഇക്കൂട്ടത്തിലുണ്ട്.

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള നേത്രാവതി കാബിൻ സ്റ്റേഷനും മംഗളൂരു ജംഗ്ഷൻ സ്റ്റേഷനും ഇടയിലാണ് പാത അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാൽ പാലക്കാട്-ഷൊർണൂർ-മംഗളൂരു റൂട്ടിലുള്ള ദീർഘദൂര ട്രെയിനുകളെയാണ് നിയന്ത്രണം ബാധിക്കുക. നിയന്ത്രണം എത്രനാൾ നീണ്ടുനിൽക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടില്ല. ബെംഗളൂരു, ചെന്നൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നെല്ലാം പാലക്കാട് വഴി തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളെ നിയന്ത്രണം ബാധിക്കില്ല. ആയിരക്കണക്കിന് ബെംഗളൂരു മലയാളികൾ ആശ്രയിക്കുന്ന യശ്വന്ത്‌പുര-കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെ കോയമ്പത്തൂർ-പാലക്കാട് വഴി കേരളത്തിൽ തന്നെ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളും വൈകില്ല.

വൈകുന്ന ട്രെയിനുകൾ

 കൊച്ചുവേളി- ശ്രീ ഗംഗാനഗർ(നമ്പർ 16312): 3.50 മണിക്കൂർ

 കൊച്ചുവേളി-ലോകമാന്യതിലക്(01464): 3.40 മണിക്കൂർ

 ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ്(22637): 2.10 മണിക്കൂർ(ജൂൺ 4നും 7നും 1.10 മണിക്കൂർ)

 ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ്(12685): 50 മിനിറ്റ്

 തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസ്(16604): 30 മിനിറ്റ്

 നാഗർകോവിൽ-ഗാന്ധിധാം എക്സ്‌പ്രസ്(16336)​: 2.40 മണിക്കൂർ

 തിരുവനന്തപുരം-നിസാമുദ്ദീൻ(12431): 1.10 മണിക്കൂർ(ജൂൺ 4നും 7നും)

 എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ എക്സ്‌പ്രസ്(12283): 1.10 മണിക്കൂ‌ർ

 പോർബന്തർ-കൊച്ചുവേളി എക്സ്‌പ്രസ്(20910)​: 2.40 മണിക്കൂർ

 ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസ്(16345): 1.30 മണിക്കൂർ

Advertisement
Advertisement