വാങ്ങാനാളി​ല്ലാതെ പുഴമീൻ; തേങ്ങലോടെ വി​ല്പനക്കാർ

Tuesday 28 May 2024 1:37 AM IST
മീന്‍ വില്‍പനശാല

വിനയായത് പെരിയാറിലെ രാസമാലിന്യം

വൈപ്പിൻ: പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ പുഴമീൻ വില്പനക്കാർ ഏതാണ്ട് ഗതികെട്ട അവസ്ഥയിലാണ്. നൂറുകണക്കിന് മീൻ സ്റ്റാളുകളുള്ള ജില്ലയിൽ പുഴമീനുകളുടെ വില്പന നിലച്ച മട്ടാണ്.

പൊതു ജനം പുഴമീനുകൾ ബഹിഷ്‌ക്കരിക്കാൻ തുടങ്ങിയതോടെയാണ് മീൻ സ്റ്റാൾ ഉടമകൾ മത്സ്യ വ്യാപാരികളിൽ നിന്ന് പുഴ മീൻ വാങ്ങാതായി.

സ്റ്റാളുകളിൽ താരം കടൽമീനുകൾ

മുനമ്പം അഴിമുഖത്ത് വലിയ ചീനവലകളിൽ നിന്ന് ധാരാളം പുഴ മീൻ ലഭിക്കാറുണ്ട്. മാർക്കറ്റിൽ ഈ മീനുകൾക്ക് വലിയ ഡിമാൻഡുമായിരുന്നു. തിരുത, കണമ്പ്, കരിമീൻ തുടങ്ങിയവ 800 രൂപ വരെ വിലയുണ്ടായിരുന്നു. ഇപ്പോൾ ഇവിടുത്തെ മീനുകൾ സ്റ്റാളുകളിൽ കൊണ്ടു ചെന്നാൽ സംശയത്തിന്റെ പേരിൽ വാങ്ങുന്നില്ല. പുഴ മീൻ ഉപയോഗിക്കുന്നവരിൽ പലരും ഇപ്പോൾ മുനമ്പത്ത് പോയി വലക്കാരോട് നേരിട്ട് മീൻ വാങ്ങുന്നുണ്ട്. ഇങ്ങിനെ വാങ്ങുന്ന മീനുകൾക്ക് ഇപ്പോഴും വിലയുണ്ട്. എന്നാൽ ഭൂരിപക്ഷം പേർക്കും മുനമ്പത്ത് എത്തി മീൻ വാങ്ങാൻ സാധിക്കില്ല.

രാസമാലിന്യ ഭയം കടൽമീനുകളെ ബാധിക്കാത്തതിനാൽ കടൽ മീനുകൾക്ക് മാർക്കറ്റിൽ വിലയുണ്ട്. അവ വാങ്ങാൻ പൊതുജനങ്ങൾക്ക് ഭയവുമില്ല. കടലിലെ മത്സ്യ സമ്പത്ത് ശോഷിച്ചതിനാൽ മീനിന്റെ ലഭ്യതക്കുറവുണ്ടത്രെ.

........................................................

കടൽമീനുകളെക്കാൾ മാർക്കറ്റുകളിൽ ഏറെ പ്രിയമായിരുന്ന പുഴ മീനുകൾക്കാണ് ഇപ്പോൾ കഷ്ടകാലം. കടൽമീനുകൾക്ക് ഇപ്പോൾ മാർക്കറ്റിൽ വിലയുണ്ട്.

വ്യാപാരികൾ

Advertisement
Advertisement