ഡിജിറ്റൽ സേവനം വാഴാതെ തപാൽ വകുപ്പ്

Tuesday 28 May 2024 1:32 AM IST
ഡിജിറ്റൽ സേവനം വാഴാതെ തപാൽ വകുപ്പ്

കൊച്ചി: തപാൽ ഓഫീസുകളിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നു. യു.പി.ഐ ഉപയോഗിച്ച് പണം സ്വീകരിക്കൽ മൂന്നുവർഷമായിട്ടും വിജയിച്ചിട്ടില്ല. ഒരു വർഷമായി കാഷ് പേമെന്റ് മാത്രമായിരുന്നു സംസ്ഥാനത്തെ തപാൽ ഓഫീസുകളിൽ നടന്നുവന്നത്. ക്യു. ആർ കോഡ് സ്‌കാൻ ചെയ്ത് പണമടക്കാൻ 52 ഹെഡ് പോസ്റ്റ് ഓഫീസുകളിൽ കഴിഞ്ഞ ആഴ്ച കൊണ്ടുവന്ന ഡൈനാമി​ക് ക്യു.ആർ. കോഡ് സംവിധാനവും ബാലാരിഷ്ടതകളിലാണ്. ഇവിടെ വിജയിച്ചാലേ മറ്റ് പോസ്റ്റ് ഓഫീസുകളിലേക്കും നടപ്പാക്കൂ.

2022 ഏപ്രിലിൽ ആണ് തപാൽ വകുപ്പ് ഡിജിറ്റൽ പേമെന്റ് ആരംഭിച്ചത്. ക്യൂ.ആർ. കോഡ് സ്കാൻ ചെയ്ത് തുക രേഖപ്പെടുത്തി​ നൽകുന്ന സ്റ്റാറ്റി​ക് സംവി​ധാനം സാങ്കേതി​ക പ്രശ്നങ്ങളാൽ തട്ടിയും മുട്ടിയും നീങ്ങുകയായിരുന്നു. 2023 നവംബറി​ൽ തപാൽ സേവനങ്ങൾക്ക് 18 ശതമാനം ജി​.എസ്.ടി​. കൂടി​ ഏർപ്പെടുത്തി​യതോടെ കാര്യങ്ങൾ സങ്കീർണമായി​. ഇതേ തുടർന്ന് ഡി​ജി​റ്റൽ പേമെന്റ് നി​റുത്തി​. പലയിടങ്ങളിലും ക്യാഷ് കൗണ്ടറുകളിലെ ക്യൂ.ആർ കോഡുകൾ മറച്ച്, യു.പി.ഐ സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന നോട്ടീസും ഒട്ടിച്ചു.

ഡൈനാമി​ക് ക്യു.ആർ. കോഡിന് ഇപ്പോൾ പാര നെറ്റ് വർക്ക് പ്രശ്നങ്ങളും പരി​ചയക്കുറവു മൂലം ജീവനക്കാരിലെ ആശയക്കുഴപ്പവുമാണ്. ബി.എസ്.എൻ.എൽ. ഇന്റർനെറ്റാണ് തപാൽ വകുപ്പ് ഉപയോഗിക്കുന്നത്. എറണാകുളം ഹെഡ് പോസ്റ്റോ ഓഫീസിൽ പോലും കണക്ടിവിറ്റി പ്രശ്നങ്ങൾ രൂക്ഷമാണ്. ഇതുമൂലം ഇവിടെയുള്ള തപാൽവകുപ്പിന്റ എ.ടി.എം. പോലും പലപ്പോഴും തകരാറിലാണ്.

• ഡൈനാമി​ക് ക്യു.ആർ. കോഡി​ൽ പി​ഴവ്

കൗണ്ടർ സ്റ്റാഫിന്റെ ടാബിൽ തെളിയുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ബിൽ തുക ഫോണിൽ കാണാം. പണം അയച്ചാൽ പേമെന്റിന് പ്രിന്റഡ് രസീത് ലഭിക്കില്ലെന്നതാണ് പ്രധാന ന്യൂനത. അത് മെസേജായി ഫോണിൽ വരും.

രജി​സ്ട്രേഡ് കത്തുകൾക്ക് രശീത് കി​ട്ടാത്തതി​ൽ ഇടപാടുകാരും ഇടഞ്ഞു. പ്രശ്നങ്ങൾ പരിഹരി​ക്കാനുളള തി​രക്കി​ട്ട ശ്രമങ്ങളിലാണ് വകുപ്പ്. മുമ്പ് പ്രിന്റഡ് ബില്ലാകുമ്പോൾ ആ തുക കൗണ്ടറിൽ പതിച്ച സ്റ്റാറ്റിക് ക്യുആർ കോഡ് സ്കാൻ ചെയ്ത് വകുപ്പിന്റെ അക്കൗണ്ടിലേക്ക് അയച്ചാൽ മതിയായിരുന്നു.

കേരളത്തിലെ

പോസ്റ്റ് ഓഫീസുകൾ

• ഹെഡ് പോസ്റ്റ് ഓഫീസ് : 52

• സബ് പോസ്റ്റ് ഓഫീസ് : 1,457

• ബ്രാഞ്ച് ഓഫീസ് : 3,554

Advertisement
Advertisement