സംസ്ഥാനത്ത് ട്രഷറിയിൽ നിയന്ത്രണം

Tuesday 28 May 2024 4:53 AM IST

തിരുവനന്തപുരം:ട്രഷറിയിൽ നിയന്ത്രണം കൂട്ടി.ഇന്നുമുതൽ 5000രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് മുൻകൂർ അനുമതി വേണം.ഇതുവരെ അഞ്ച് ലക്ഷം രൂപയായിരുന്നു പരിധി.ബില്ലുകൾ മാറുന്നതിന് മാത്രമാണ് ബാധകം.മറ്റ് ഇടപാടുകൾക്ക് നിയന്ത്രണമില്ല.

ട്രഷറി ഓവർഡ്രാഫ്റ്റിലാണ്.ഇന്ന് 3500 കോടി കടമെടുക്കും.അത് കിട്ടുമ്പോൾ ഓവർഡ്രാഫ്റ്റ് മാറുമെങ്കിലും ശമ്പള,പെൻഷൻ,സാമൂഹ്യസുരക്ഷാ പെൻഷൻ തുടങ്ങിയവ ഈയാഴ്ച അവസാനത്തോടെ വിതരണം തുടങ്ങും. അതുകൂടി കണക്കിലെടുത്ത് ജൂൺ 15വരെയാണ് നിയന്ത്രണം. ട്രഷറി ഫലത്തിൽ നാമമാത്രമായ പ്രവർത്തനത്തിലേക്ക് ചുരുങ്ങും.

ശമ്പളപെൻഷൻ വിതരണത്തിന് 5000കോടിയോളവും സാമൂഹ്യസുരക്ഷാപെൻഷൻ വിതരണത്തിന് 900കോടിയും വേണം. അത്യാവശ്യകാര്യങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സാമ്പത്തിക വർഷത്തെ തുടക്കം മുതൽ ട്രഷറി ഓവർഡ്രാഫ്റ്റിലാണ്.44528കോടിയുടെ വായ്പയാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. അതിന് പകരം 21253കോടിരൂപയുടെ വായ്പാനുമതിയാണ് കിട്ടിയത്. അതിൽ തന്നെ 6500കോടി എടുത്തുകഴിഞ്ഞു. ശേഷിക്കുന്നത് 14753കോടി മാത്രമാണ്. വരുന്ന മാസങ്ങളിൽ സാമ്പത്തിക ഞെരുക്കം രൂക്ഷമാകുമെന്ന് ആശങ്കയുണ്ട്.

Advertisement
Advertisement