വേനൽമഴ 31ന് പോകും, കാലവർഷം വരും, കേരളത്തിൽ ഇനി പെരുമഴക്കാലം

Tuesday 28 May 2024 4:58 AM IST

തിരുവനന്തപുരം: വേനൽ മഴ അവസാനിക്കുന്ന 31ന് കാലവർഷം സംസ്ഥാനത്തെത്തുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തേക്ക് മഴയുണ്ടാകില്ലെന്നായിരുന്നു ആദ്യമുന്നറിയിപ്പെങ്കിലും ഇന്നലെ അത് തിരുത്തി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

29നും 30നും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. 31ന് ഇവയ്‌ക്കൊപ്പം ഇടുക്കിയിലും മഴ മുന്നറിയിപ്പുണ്ട്. മഴ കനത്താൽ മുന്നറിയിപ്പിന്റെ സ്വഭാവവും മാറിയേക്കാം. ചുഴലിക്കാറ്റുകളുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നത്.

31ന് സംസ്ഥാനത്തെത്തുന്ന കാലവർഷം മുൻവർഷങ്ങളെക്കാൾ ശക്തമാകുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട മൺസൂൺ പ്രവചന റിപ്പോർട്ടിലാണ് മഴ മുന്നറിയിപ്പ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജൂണിൽ സാധാരണയേക്കാൾ കൂടുതൽ ശക്തമായ മഴ ലഭിക്കും. ജൂൺ മുതൽ സെപ്തംബർ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിച്ചേക്കും. ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ ലഭിച്ചേക്കും.

Advertisement
Advertisement