വളാഞ്ചേരിയിലെ മോഷണം; പൊലീസിന്റേത് അനാസ്ഥയെന്ന് കുടുംബം

Tuesday 28 May 2024 12:29 AM IST

മലപ്പുറം: വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് ഏഴര പവൻ സ്വർണവും 75,000 രൂപയും മോഷണം പോയ കേസിൽ എട്ട് മാസമായിട്ടും മോഷ്ടാവിനെ പിടികൂടാനാവാത്തത് പൊലീസിന്റെ അനാസ്ഥയെന്ന് ആരോപിച്ച് കുടുംബം. വളാഞ്ചേരി പാണ്ടികശാല മഠത്തിൽ പടിപുത്തൻപറമ്പ് സുകുമാരന്റെ വീട്ടിൽ ഒക്ടോബർ 21നാണ് മോഷണം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു സുകുമാരൻ. ഭാര്യ സരസ്വതി മുറ്റത്തേക്ക് ഇറങ്ങിയ സമയത്ത് തുറന്നിട്ട മുൻവാതിലിലൂടെ അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവരുകയായിരുന്നു. വളാഞ്ചേരി സി.ഐ പ്രാഥമികാന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയപ്പോൾ സ്പെഷൽ സ്ക്വാഡിനെ നിയോഗിക്കുമെന്ന് അറിയിച്ചെങ്കിലും ഇതും നടന്നില്ലെന്ന് വാർത്താസമ്മേളനത്തിൽ സുകുമാരൻ, ബന്ധുക്കളായ അർജുൻ, വേലായുധൻ, മഹേഷ്‌കുമാർ അറിയിച്ചു.

Advertisement
Advertisement