കോയിപ്രത്ത് ഗ്രാമീണ റോഡുകളിൽ വെള്ളക്കെട്ട്

Tuesday 28 May 2024 12:32 AM IST

പുല്ലാട് : മഴക്കാലപൂർവ ശുചീകരണ പ്രവർത്തികൾ കൃത്യമായി നടക്കാത്തതിനാൽ കോയിപ്രം പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലെ യാത്ര ദു:സഹമായി. പുല്ലാട് ജംഗ്ഷനിൽ നിന്ന് പൂവത്തൂരിലേക്കുള്ള പൊലീസ് സ്‌റ്റേഷൻ റോഡിൽ കൂടി ഇരുചക്രവാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത വെള്ളക്കെട്ടാണ്. റോഡിനോട് ചേർന്നുളള തോടുകൾ വൃത്തിയാക്കാത്തതും സമീപഭൂമികൾ മണ്ണിട്ട് നികത്തിയതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.
ആധുനികരീതിയിൽ നവീകരിച്ച കുമ്പനാട് - ആറാട്ടുപുഴ റോഡിനോട് ചേർന്നുള്ള ഓടകൾ വൃത്തിയാക്കാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതുകാരണം വെള്ളം നിറഞ്ഞുകിടക്കുന്നു. റോഡിനിരുവശങ്ങളും കാടുമൂടിയ നിലയിലാണ്. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലെ പുല്ലാട് ജംഗ്ഷനോട് ചേർന്നുള്ള കോയിപ്രം ഗ്രാമപഞ്ചായത്തോഫീസിന്റെ മുൻപിലും മഴപെയ്താൽ വെള്ളക്കെട്ടാകും.
ഏഴാം വാർഡിലെ തെറ്റുപാറ കോളനിയോട് ചേർന്നുള്ള 16 വീടുകളിൽ വെള്ളിയാഴ്ച രാത്രിയിലെ അതീവമഴയിൽ വെള്ളംകയറി. പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ഇടതുകര കനാലിനോട് ചേർന്നാണ് ഈ പ്രദേശം. തിരുവല്ല - കുമ്പഴ പാതയിലെ ഇരവിപേരൂരിനും പുല്ലാടിനും മദ്ധ്യേ പല സ്ഥലങ്ങളിലും വെള്ളം കയറി. ഓടകളിലെ മാലിന്യം നീക്കം ചെയ്യാത്തതു കാരണം ഒരു മഴപെയ്താൽ പോലും റോഡിൽ വെള്ളക്കെട്ടുണ്ടാകും.

ഒാട ശുചീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഇത് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം.

ഷിബു കുന്നപ്പുഴ, പൊതുപ്രവർത്തകൻ

ഇരപ്പൻതോടിലെ മാലിന്യങ്ങൾ മാറ്റി ബണ്ടുകൾ പൊളിച്ച് ഭാവിയിൽ വെള്ളം കയറാതിരിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.

സോണി കുന്നപ്പുഴ, പഞ്ചായത്തംഗം

Advertisement
Advertisement