സ്കൂൾ വിപണി സജീവം, പുത്തനുടുപ്പും ബാഗും കുടയും റെഡി !

Tuesday 28 May 2024 12:33 AM IST

പത്തനംതിട്ട : സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ബാഗും കുടയും പുത്തനുടുപ്പുമായി ഒരുക്കങ്ങൾ തുടങ്ങി. സാധനങ്ങൾക്ക് വില കൂടിയെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല. വലിയ ബ്രാൻഡുകളടക്കം സ്കൂൾ വിപണി ലക്ഷ്യമാക്കി പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള മത്സരത്തിലാണ്. വിവിധ വർണങ്ങളിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ബാഗും കുടയും ബുക്കുകളുമെല്ലാം വിപണിയിൽ നിറഞ്ഞു. കൺസ്യൂമർ ഫെഡും വിവിധ സഹകരണ സംഘങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സ്കൂൾ വിപണി മേളകൾ ആരംഭിച്ചിട്ടുണ്ട്.

കാർട്ടൂൺ കഥാപാത്രങ്ങൾ

കുട്ടികളുടെ ബാഗുകളിൽ ഇത്തവണയും കാർട്ടൂൺ കഥാപാത്രങ്ങളാണ്. ഡോറ, അന്ന, ബാർബി, ഛോട്ടാഭീം, സ്പൈഡർമാൻ, ഫ്രോസൻ പ്രിൻസസ്, ക്യാപ്ടൻ അമേരിക്ക, ഹൽക്, സോഫിയ ദി ഫസ്റ്റ് തുടങ്ങി വിവിധ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. സിനിമ താരങ്ങളുടെ പടമുള്ള ബാഗും കുടയുമെല്ലാം വിപണിയിലുണ്ട്. വിവിധ കളറുകളിലേയും ‌ഡിസൈനുകളിലേയും കുടകൾ ആണ് മുതിർന്ന വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്.

വില വർദ്ധിച്ചു

കഴിഞ്ഞ വർഷം നാനൂറ് രൂപയായിരുന്ന ബാഗിന് ഇപ്പോൾ അഞ്ഞൂറിലധികം രൂപവരും. 3000 രൂപ വിലയുള്ള ബ്രാൻഡഡ് ബാഗുകൾ വരെ കുട്ടികൾക്കായി വിപണിയിലുണ്ട്. കുടകൾക്ക് 300 രൂപ മുതലാണ് വില. അൻപത് രൂപ മുതലുള്ള വാട്ടർ ബോട്ടിലുകളുണ്ട്. സ്റ്റീൽ വാട്ടർ ബോട്ടിലുകൾക്ക് ആവശ്യക്കാരേറെയുണ്ട്. 90 രൂപ മുതൽ 600 രൂപവരെ വിലയുള്ള സ്റ്റീൽ വാട്ടർബോട്ടിലുണ്ട്. ഗുണനിലവാരം അനുസരിച്ചാണ് ബോട്ടിലുകളുടെ വില.

വിപണിയിൽ തിരക്കായി തുടങ്ങുന്നതേയുള്ളു. കാർട്ടൂൺ ബാഗും കുടയും വാട്ടർ ബോട്ടിലുമൊക്കെയാണ് ചെറിയ കുട്ടികൾക്ക് വേണ്ടത്.

പത്തനംതിട്ട നഗരത്തിലെ വ്യാപാരി

Advertisement
Advertisement