വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം എക്സൈസി​ന്റെ 'നേർവഴി' വളയുന്നു!

Tuesday 28 May 2024 12:34 AM IST

പരാതികൾ ലഭിക്കാതെ നേർവഴി പദ്ധതി

കൊല്ലം: സ്കൂൾ കുട്ടികൾക്കിടയി​ൽ ലഹരി​ ഉപയോഗം വ്യാപകമാണെന്നത് പുതുമയുള്ള ഒന്നല്ല. ഇതിനു തടയിടാൻ എക്സൈസ് വകുപ്പൊരു പദ്ധതി ആരംഭിച്ചിരുന്നു, പേര് 'നേർവഴി'. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച പദ്ധതിക്ക് ഒരു വയസു തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ലഭിച്ച പരാതികൾ വെറും 55 എണ്ണം മാത്രം! കുട്ടികൾക്ക് ബോധോദയം ഉണ്ടായതാണോ അതോ പരാതി നൽകാൻ ആരും മെനക്കെടാത്തതാണോ കാരണമെന്ന ചിന്തയാണ് എകസൈസിനെ കുഴയ്ക്കുന്നത്.

കഴിഞ്ഞ ഡിസംബർ വരെ 37 പരാതികളും ഈ വർഷം ഇന്നലെ വരെ 18 പരാതികളുമാണ് ലഭിച്ചത്. ലഹരി വിമോചന പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണ് നേ‌ർവഴിക്ക് തുടക്കം കുറിച്ചത്. പ്രതികൂല സാഹചര്യങ്ങളാൽ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ കരകയറ്റാനുള്ള പ്രാഥമിക ഇടപെടലായ നേർവഴി അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. ലഹരി മൂലം വിദ്യാർത്ഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് അദ്ധ്യാപകരാണ്. അതിനാലാണ് അവരെ പദ്ധതിയുടെ ഭാഗമാക്കിയത്. വിവരങ്ങൾ അദ്ധ്യാപകർക്ക് ഫോണിലോ വാട്ട്സ് ആപ്പിലോ എക്സൈസ് വകുപ്പുമായി പങ്കുവയ്ക്കാം .കേസെടുക്കാതെ കുട്ടികൾക്ക് ആവശ്യമായ ബോദ്ധവത്കരണം നൽകി ലഹരി ഉപയോഗം തടയുകയാണ് ലക്ഷ്യം.

വിവരം രഹസ്യം

അദ്ധ്യാപകരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സ്വീകരിക്കാൻ എക്സൈസ് കമ്മിഷണറേറ്റിൽ പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാരായ അസി.കമ്മിഷണർമാരെ അറിയിക്കും. തുടർന്ന് കൗൺസിലിംഗ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് ബോദ്ധവത്കരണം, കൗൺസലിംഗ് തുടങ്ങിയ ഇടപെടലുകളിലൂടെ ലഹരിഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കും. അദ്ധ്യാപകർക്ക് പുറമെ രക്ഷിതാക്കൾക്കും നേർവഴി പദ്ധതിയിൽ വിവരങ്ങൾ ധരിപ്പിക്കാവുന്നതാണ്. പരാതി നൽകിയ ആളുടെ വിവരം രഹസ്യമായിരിക്കും.

........................................

ഓർമ്മവേണം ഈ നമ്പർ

പരാതികൾ എക്‌സൈസ് കമ്മിഷണറേറ്റിലെ 9656178000 എന്ന നമ്പരിൽ അറിയിക്കാം. ഈ നമ്പർ സ്‌കൂൾ സ്റ്റാഫ് റൂമിൽ പോസ്റ്റർ രൂപത്തിൽ പതിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്താൻ എക്സൈസിന്റെ നേതൃത്വത്തിൽ ബസുകളിലും പതിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് സ്കൂളുകളിൽ പദ്ധതി തുടങ്ങിയത്. പദ്ധതിയിലൂടെ ലഭിച്ച പരാതികളിൽ സ്കൂളുകളിലെ കൗൺസിലർമാർ ഇടപെട്ട് പരിഹാരം കാണുന്നുണ്ട്

എക്സൈസ് ഉദ്യോഗസ്ഥർ

Advertisement
Advertisement