കള്ളപ്പണം: അന്വേഷണത്തിന് പൂർണ അധികാരമെന്ന് ഇ.ഡി

Tuesday 28 May 2024 1:39 AM IST

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് തങ്ങൾക്ക് പൂർണ അധികാരമുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് സി.എം.ആർ.എൽ കമ്പനി നൽകിയ ഹർജിയിൽ അസി. ഡയറക്ടർ സത്യവീർ സിംഗ് സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് ‌ഈ വാദം.

കക്ഷികൾ ആരായാലും സമൻസ് കൈപ്പറ്റി ഹാജരാകാൻ ബാദ്ധ്യസ്ഥരാണ്. സി.എം.ആൽ.എല്ലിന്റെ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. പ്രാഥമിക തെളിവെടുപ്പ് മാത്രമാണ് നടക്കുന്നത്. അതിനാൽ കേസ് റദ്ദാക്കണമെന്ന ആവശ്യം അകാലത്തിലാണെന്നും ഹർജി തള്ളണമെന്നും ഇ.ഡി വാദിക്കുന്നു.അനധികൃത പണമിടപാടുകളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.മാർച്ച് 27 നാണ് ആദ്യം കത്ത് നൽകിയത്. ഇക്കാര്യം മേയ് 10 ന് വീണ്ടും ഓർമ്മിപ്പിച്ചിട്ടുണ്ടെന്നും ഇ.ഡി വിശദീകരിച്ചു. മറുപടിക്ക് സി.എം.ആർ.എൽ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് ടി.ആർ.രവി ഹർജി ജൂൺ ഏഴിലേക്ക് മാറ്റി.

വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളടക്കമാണ് ഇ.ഡി അന്വേഷിക്കുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇത് ഇ.ഡിയുടെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നും പ്രഥമവിവര റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

Advertisement
Advertisement