തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി ഉറപ്പു വരുത്താൻ നേരിട്ട് പരിശോധന നടത്തും: വനിതാ കമ്മിഷൻ

Tuesday 28 May 2024 12:41 AM IST

മലപ്പുറം: കുട്ടിയുടെ പിതൃത്വം പിതാവ് സംശയിച്ചതിനെ തുടർന്നു മാനസികമായി തകർന്ന യുവതിക്ക് ആശ്വാസം പകർന്ന് വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ ഡി.എൻ.എ പരിശോധനാ ഫലം. കുട്ടിയുടെ പിതൃത്വം തെളിഞ്ഞു. കമ്മിഷന്റെ ഉത്തരവ് പ്രകാരം നടത്തിയ ഡി.എൻ.എ ടെസ്റ്റിന്റെ ഫലം അദാലത്തിൽ ഹാജരാക്കി. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാകമ്മിഷൻ ജില്ലാതല സിറ്റിംഗിൽ 12 പരാതികൾ തീർപ്പാക്കി. എട്ടു പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. 28 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 48 പരാതികളാണ് പരിഗണിച്ചത്. ഗാർഹിക പീഡന പരാതി, സ്ത്രീധനം സംബന്ധിച്ച പരാതി തുടങ്ങിയവയാണ് പരിഗണനയ്ക്ക് എത്തിയവയിൽ പ്രധാനപ്പെട്ടവ. സാമ്പത്തിക വസ്തു തർക്കങ്ങൾ, അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവയും പരിഗണനയ്‌ക്കെത്തി. അഭിഭാഷകരായ ബീന കരുവാത്ത്, പി.ഷീന, ഫാമിലി കൗൺസിലർ ശ്രുതി നാരായണൻ, വനിതാ പ്രൊട്ടക്‌ഷൻ ഓഫീസർ ശ്രുതി, രാജ്വേശ്വരി, ശരത്കുമാർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം (ഇന്റേണൽ കമ്മറ്റി) കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ അന്തസോടെയും ആത്മാഭിമാനത്തോടെയും ജോലി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കണമെന്ന് നിഷ്‌കർഷിക്കുന്നതാണ് 2013ലെ പോഷ് ആക്ട്. ഈ ആക്ട് അനുസരിച്ചുള്ള ഇന്റേണൽ കമ്മിറ്റി പല സ്ഥാപനങ്ങളിലും നിലവിൽ വന്നിട്ടില്ലെന്നാണ് കമ്മിഷന് മുമ്പാകെ ലഭിക്കുന്ന പല പരാതികളും വ്യക്തമാക്കുന്നത്. സ്ത്രീകളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ഇന്റേണൽ കമ്മിറ്റി ഓരോ സ്ഥാപനങ്ങളിലുമുണ്ടാവണം. വനിതാ ജീവനക്കാരെ അധിക്ഷേപിക്കുകയും ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നതു സംബന്ധിച്ച പരാതികൾ, സമൂഹത്തിന് മാതൃകയാകേണ്ട അദ്ധ്യാപക സമൂഹത്തിൽ നിന്നു പോലും വർദ്ധിക്കുന്നു. കമ്മിഷൻ ഗൗരവത്തോടെയാണിത് കാണുന്നത്. അദ്ധ്യാപികമാർ പ്രശ്നങ്ങൾ ഉന്നയിച്ചാൽ അവരുടെ ഇൻക്രിമെന്റും ഗ്രേഡും ഉൾപ്പെടെ ആനുകൂല്യങ്ങൾ പ്രിൻസിപ്പൽമാർ തടഞ്ഞുവയ്ക്കുന്ന തെറ്റായ പ്രവണതയും തിരുത്തപ്പെടേണ്ടതായിട്ടുണ്ട്.
വർഷങ്ങളായി ട്രാൻസ്ഫറിന് വിധേയമാകാതെ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന സ്ഥാപന മേധാവികളിൽ ചിലർ അദ്ധ്യാപകരെ മാനസികമായി അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതും ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ അംഗം പറഞ്ഞു. ശമ്പള വർദ്ധന അടക്കമുള്ള സാമ്പത്തിക അവകാശങ്ങൾ യാതൊരു കാരണവുമില്ലാതെ സ്ഥാപന മേധാവി തടഞ്ഞു വയ്ക്കുന്നുവെന്ന അദ്ധ്യാപികയുടെ പരാതി സിറ്റിംഗിൽ പരിഗണിച്ചു. സ്ഥാപന മേധാവി നേരിട്ട് ഹാജരാവുന്നതിനായി ഈ പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. ജില്ലയിലെ ഒരു പ്രീപ്രൈമറി സ്‌കൂൾ മേധാവിക്കെതിരെ താത്കാലിക ജീവനക്കാരി നൽകിയ പരാതിയും പരിഗണനയ്ക്കെത്തി.

Advertisement
Advertisement