എൽ.ഐ.സിയുടെ അറ്റാദായം 13,762 കോടി രൂപ

Tuesday 28 May 2024 12:41 PM IST

കൊച്ചി: രാജ്യത്തെ മുൻനിര പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ 13,762 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേകാലയളവിനേക്കാൾ 2.5 ശതമാനം വർദ്ധനയാണ് അറ്റാദായത്തിലുണ്ടായത്. മികച്ച ലാഭം നേടിയതോടെ ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് ആറ് രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എൽ.ഐ.സിയുടെ മൊത്തം നിഷ്ക്രിയ ആസ്തി അവലോകന കാലയളവിൽ 2.01 ശതമാനമായി കുറഞ്ഞു. പുതിയ ബിസിനസ് 4.66 ശതമാനം ഉയർന്ന് 9,583 കോടി രൂപയിലെത്തി. വ്യക്തിഗത മേഖലയിൽ അവലോകന കാലയളവിൽ എൽ. ഐ.സി 2.03 കോടി പോളിസികളാണ് വിറ്റഴിച്ചത്. എൽ.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഇക്കാലയളവിൽ 51.21 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ മൊത്തം ആസ്തി 43.97 ലക്ഷം കോടി രൂപയായിരുന്നു.

Advertisement
Advertisement