ജനുവരിയിൽ വായ്പകളുടെ പലിശ കുറഞ്ഞേക്കും

Tuesday 28 May 2024 12:44 AM IST

കൊച്ചി: കാലവർഷം ഇത്തവണ സാധാരണ നിലയിലാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതോടെ അടുത്ത വർഷം ജനുവരിയിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതിന് സാദ്ധ്യതയേറി. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ കാലവർഷം പ്രതീക്ഷിച്ചതിലും ഉയർന്ന അളവിൽ എത്തുമെന്നാണ് ഇന്നലെ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. ഇതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില നിയന്ത്രണ വിധേയമാകുമെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് പ്രധാനമായും നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കിയത്. അതിഉഷ്ണവും ശീതക്കാറ്റും ഇന്ത്യയുടെ കാർഷിക മേഖലയിൽ പ്രതികൂല സാഹചര്യം സൃഷ്ടിച്ചതോടെയാണ് കഴിഞ്ഞ മാസങ്ങളിൽ നാണയപ്പെരുപ്പം ഉയർന്ന തലത്തിൽ തുടർന്നത്. കാലവർഷം മെച്ചപ്പടുന്നതോടെ ധാന്യങ്ങൾ, പയർവർഗങ്ങൾ, ഗോതമ്പ്, പഞ്ചസാര, പച്ചക്കറികൾ എന്നിവയുടെ വില കുറയുമെന്നാണ് വിലയിരുത്തുന്നത്.

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ശരാശരി നാണയപ്പെരുപ്പം 3.4 ശതമാനത്തിലായിരുന്നു. കാലവർഷം മെച്ചപ്പെടുന്നതോടെ അടുത്ത മാസങ്ങളിൽ നാണയപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് താഴുമെന്ന് വിലയിരുത്തുന്നു. സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നേക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഗോൾഡ്മാൻ സാക്ക്സ് വ്യക്തമാക്കി.

സാമ്പത്തിക വളർച്ച 6.7 ശതമാനമാകും

നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജി.ഡി.പി) 6.7 ശതമാനം വളർച്ച നേടുമെന്ന് ഗോൾഡ്മാൻ സാക്ക്സ് വ്യക്തമാക്കി. റിസർവ് ബാങ്കിൽ നിന്നും അധികമായി 2.11 ലക്ഷം കോടി രൂപ അധികമായി ലഭിക്കുന്നതിനാൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ ശക്തികൂടുമെന്ന് ആഗോള ഏജൻസിയായ ഫിച്ചും ഇന്നലെ വ്യക്തമാക്കി.

നിലവിലെ റിപ്പോ നിരക്ക് 6.5 %

Advertisement
Advertisement