കടൽപ്പായലിൽ നിന്ന് തയാറാക്കാം, പാസ്തയും ന്യൂഡിൽസും

Tuesday 28 May 2024 1:45 AM IST

തിരുവനന്തപുരം: 'ഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് പൊതുവേ മടിയായിരിക്കും. എന്നാൽ ന്യൂഡിൽസും പാസ്തയുമൊക്കെ ഇഷ്ടപ്പെടും...' കടൽപ്പായലിൽ നിന്ന് രുചിയും പോഷകഗുണവുമുള്ള പാസ്തയും ന്യൂഡിൽസും തയാറാക്കിയ കൊച്ചി കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിലെ(കുഫോസ്) ഗവേഷകർ പറയുന്നു... വിഴിഞ്ഞം കടലിലും തീരത്തെ പാറയിലും സമൃദ്ധമായി കാണപ്പെടുന്ന പച്ചനിറമുള്ള കടൽപ്പായൽ ശേഖരിച്ചാണ് ഇത് തയാറാക്കിയത്. കുഫോസിലെ ഫിഷ് പ്രോസസിംഗ് ടെക്നോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ, ഗുരുവായൂർ സ്വദേശി രാധിക രാജശ്രീയും വൈക്കം സ്വദേശിയായ റിസർച്ച് സ്കോളർ രൂപാരാജനുമാണ് കണ്ടുപിടിത്തത്തിന് പിന്നിൽ.

രണ്ടുവർഷം മുമ്പ് തുടങ്ങിയ ഗവേഷണമാണ് വിജയം കണ്ടത്. 13 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയിട്ടുള്ള വിഭവങ്ങൾ ഉടൻ വിപണിയിലെത്തും.

കടൽതീരങ്ങളിൽ നിന്ന് കടൽപ്പായൽ ശേഖരിച്ച് ലാബിൽ കഴുകി വൃത്തിയാക്കി പേസ്റ്റ് രൂപത്തിലാക്കി ചെറിയ അളവിൽ റവയും ആവശ്യത്തിന് ഉപ്പും ചേർത്ത മിശ്രിതം എക്സ്ട്രൂഡറിലൂടെ കടത്തിവിട്ടാണ് പാസ്തയും ന്യൂഡിൽസുമൊക്കെയാക്കുന്നത്. ഇത് വായുകടക്കാതെ അടച്ചുസൂക്ഷിച്ചാൽ രണ്ടുവർഷം വരെ കേടാകാതിരിക്കും.

തിളച്ച വെള്ളത്തിൽ പാകം ചെയ്തെടുക്കുകയോ ബിസ്കറ്റും ചിപ്സും പോലെ തയാറാക്കുകയോ ചെയ്യാം.

 ആരോഗ്യം ഉറപ്പ്

റവയുടെ അളവ് കുറച്ച് പോഷകഗുണമുള്ള മില്ലറ്റ്(തിന) ചേർക്കുന്നതും പരീക്ഷിക്കുന്നുണ്ട്. കടൽപ്പായലിൽ അമിനോആസിഡുകൾ, പൊട്ടാഷ്യം, അയൺ, വൈറ്റമിൻ ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. മത്സ്യം കഴിക്കാത്തവർക്ക് വേണ്ട പോഷകങ്ങൾ കടൽപ്പായൽ വിഭവങ്ങളിൽ നിന്ന് കിട്ടും. ജപ്പാനിൽ കടൽപ്പായൽ സാലഡുകൾക്കൊപ്പം ഉപയോഗിക്കും

കടൽപ്പായൽ

ശാന്തമായ കടലിന്റെ അടിയിലും ഉപരിതലത്തിലും പാറപ്പുറത്തും കാണപ്പെടുന്നു

 കൊച്ചി തീരത്ത് കുറവാണ്

വിഴിഞ്ഞം, ഗൾഫ് ഒഫ് മന്നാർ, ലക്ഷ്വദീപ് എന്നിവിടങ്ങളിൽ സുലഭം

Advertisement
Advertisement