സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്

Tuesday 28 May 2024 12:39 AM IST

ഇലവുംതിട്ട : റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് കോഴഞ്ചേരി താലൂക്കിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ഇലവുംതിട്ട ഈസ്റ്റ് ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചവരെ നടക്കും. രജിസ്‌ട്രേഷൻ രാവിലെ ഏഴിന് ആരംഭിക്കും. ഡ്രൈവർമാർ ഡ്രൈവിംഗ് ലൈസൻസും പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.

പത്തനംതിട്ട ആർ.ടി.ഒ എച്ച്.അൻസാരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സിവിൽ ജഡ്ജ് ബീനാഗോപാൽ ക്ലാസുകൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി വി.അജിത്ത് മുഖ്യപ്രഭാഷണം നടത്തും. മോട്ടോർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും സ്‌കൂൾ ബസ് സർവീസിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാരെയും ക്ലാസ്സിൽ പങ്കെടുപ്പിക്കണം. ക്ലാസിൽ പങ്കെടുക്കാത്ത ഡ്രൈവർമാരെ സ്‌കൂൾ വാഹനം ഓടിക്കാൻ അനുവദിക്കുന്നതല്ല എന്ന് ആർ.ടി.ഒ അറിയിച്ചു.

Advertisement
Advertisement