ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട്: 28 ലക്ഷംരൂപ അടിച്ചു മാറ്റിയ ജീവനക്കാരന് സസ്പെൻഷൻ

Tuesday 28 May 2024 1:48 AM IST

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള പദ്ധതി തുകയിൽ നിന്ന് 28 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉച്ചഭക്ഷണ സെക്ഷൻ ക്ലർക്ക് ഡി. ദിലീപിനെയാണ് സസ്പെൻഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണ വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാതി പ്രകാരം ഇയാൾക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

ഉച്ചഭക്ഷണ പദ്ധതിയുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ നിന്ന് 2022 മാർച്ച് മുതൽ 2023 ഡിസംബർ വരെ 27,76,241 രൂപ വ്യാജരേഖ ചമച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതാണ് കണ്ടെത്തിയത്. കനറാ ബാങ്കിന്റെ സി.എസ്.എസ് പോർട്ടലിൽ വ്യാജ രേഖപ്പെടുത്തൽ നടത്തി പ്രിന്റ് അഡ്വൈസ് ക്രിയേറ്റ് ചെയ്തായിരുന്നു പണം കൈമാറ്റം. ഇതു കൂടാതെ, 2024 ഫെബ്രുവരി 23ന് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ വ്യാജ ഒപ്പിട്ട് എസ്.ബി.ഐ ജഗതി ശാഖയിലെ ഉച്ചഭക്ഷണ പദ്ധതി അക്കൗണ്ടിൽ നിന്ന് 42,000 രൂപയും ഇയാൾ സ്വന്തമാക്കി. കൂടാതെ, പദ്ധതിയിൽ നിന്ന് പലതവണയായി 35 ലക്ഷത്തിലേറെ രൂപ ദിലീപ് സ്വന്തമാക്കിയതായി ആരോപണം ഉയർന്നിട്ടുണ്ട്.ഉച്ചഭക്ഷണത്തിനുള്ള തുക ലഭിക്കാതെ അദ്ധ്യാപകരിൽ പലരും കടബാദ്ധ്യതയിൽ നിൽക്കുന്നതിനിടെയാണ് ഈ അടിച്ചുമാറ്റൽ സംഭവം . അതിനാൽ ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.