കാൻസറിനെ തോൽപ്പിച്ച വേണുവിന് ഇരട്ട സ്വ‌ർണത്തിളക്കം

Tuesday 28 May 2024 4:19 AM IST

മുംബയ്: ബ്ലഡ് കാൻസറിനോട് പതറാതെ പൊരുതുന്ന കൊല്ലം സ്വദേശി വേണു മാധവന് അഖിലഭാരതീയ സ്വദേശി ഖേൽ അസോസിയേഷൻ സംഘടിപ്പിച്ച മഹാരാഷ്ട്ര പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം. മാസ്റ്റേഴ്സ് 2, ബഞ്ച് പ്രസ് ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്.

മുബയ് ചെമ്പൂർ ഹൈസ്‌ക്കൂളിലെ കേശവ ബലറാം ഹെഡ്‌ഗേവാർ ഓഡിറ്റോറിയത്തിൽ മഹാരാഷ്ട്ര അമേച്വർ പവർ ലിഫ്റ്റിംഗിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. കാൻസറിനോട് മല്ലിടുമ്പോഴും ഭാരം ഉയർത്തി മെഡൽ നേടുന്ന വേണുവിനെക്കുറിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കൊല്ലം മരുത്തടി സ്വദേശിയായ വേണു തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിർ ചികിത്സയിലിരിക്കെയാണ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നത്.
എട്ട് വർഷം മുൻപ് പരിശീലനത്തിടെ പരിക്കേറ്റതിനെ തുട‌ർന്ന് നടത്തിയ പരിശോധനയിലാണ് രക്താർബുദം മൂന്നാംഘട്ടത്തിലെത്തിയത് കണ്ടെത്തിയത്. ചികിത്സയുടെ നാളുകൾ. ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു പറഞ്ഞവരാണ് ഏറെയും. അർബുദത്തെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസംകൊണ്ടും വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ചെന്നൈ ജില്ലാ പവർലിഫ്റ്റിംഗ് 83 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി തിരിച്ചുവരവ് അടയാളപ്പെടുത്തി. തുടർന്ന് തിരുവനന്തപുരത്തെ മത്സരത്തിൽ ഒന്നാം സ്ഥാനവും ദേശീയ മത്സരത്തിൽ വെങ്കലവും.
രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുക്കും. പലപ്പോഴും മെഡലുമായി നേരേ പോകുന്നത് കീമോയ്ക്കായി ആശുപത്രിയിലേക്കായിരുന്നു.
കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് അസോസിയേൻ ഈ മാസം കൊച്ചിയിൽ നടത്തിയ ചാമ്പ്യൻ ഷിപ്പിലും മാസ്റ്റേഴ്സ് 2 വിഭാഗത്തിൽ വേണുവിനായിരുന്നു സ്വർണം.

സ്വന്തമായി ഒരു ജിംനേഷ്യം തുടങ്ങണമെന്നാണ് ആഗ്രഹം. അച്ഛൻ പരേതനായ മാധവൻ പിള്ള. അമ്മ:പാറുക്കുട്ടിയമ്മ. സഹോദരങ്ങൾ: സുനിൽ, അനിൽ.

Advertisement
Advertisement