കനത്ത മഴ; വിനോദ സഞ്ചാരത്തിനും രാത്രി യാത്രകൾക്കും വിലക്ക്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

Tuesday 28 May 2024 5:55 PM IST

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് റെഡ് അലർട്ട് നിലനിൽക്കുന്ന കോട്ടയത്ത് വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. കോട്ടയത്തിന്റെ മലയോര മേഖലയിലുള്ള പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പ്രവേശന വിലക്കേർപ്പെടുത്തിയത്. ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്രയും നിരോധിച്ചു.

കോട്ടയത്തിനുപുറമെ ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. രാത്രി ഏഴ് മണിമുതൽ രാവിലെ ആറുമണിവരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയത്ത് ശക്തമായ മഴയിൽ മീനച്ചിലാർ കരകവിയാറായിരിക്കുകയാണ്. മീനച്ചിലാറിന്റെ സമീപ പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് . കൂടാതെ കടുത്തുരുത്തി ആപ്പാഞ്ചിറ പെട്രോൾ പമ്പിന് സമീപം റോഡിൽ വെള്ളം കയറി. തലനാട്ടിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വീടുകൾക്ക് നാശനഷ്ടമുണ്ടായി. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ്. ഇന്നുമുതൽ ജൂൺ ഒന്നുവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement
Advertisement