കെ.എസ്.ഇ.ബിയിൽ വൈദ്യുതിവാങ്ങൽ മാഫിയ തഴച്ചുവളരുന്നു,​ ഇഴഞ്ഞ് ജലവൈദ്യുതി,​ പ്രിയം സ്വകാര്യനിൽ ,​അമിതവിലയുടെ ഭാരം ജനത്തിന്

Wednesday 29 May 2024 4:05 AM IST

തിരുവനന്തപുരം: ജലവൈദ്യുതിക്ക് ഉത്പാദനച്ചെലവ് യൂണിറ്റിന് ഒരു രൂപമാത്രം. എന്നിട്ടും, 4500 മെഗാവാട്ടിലേറെ ശേഷിയുള്ള പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല.അനുമതി ലഭിച്ചതും വഴിയിൽ മുടങ്ങിയതും ഇതിൽ ഉൾപ്പെടും. യൂണിറ്റിന് 10 രൂപവരെ വിലയുള്ള സ്വകാര്യ വൈദ്യുതിയോടാണ് കെ.എസ്.ഇ.ബിക്ക് താത്പര്യം. വൈദ്യുതി വാങ്ങൽ മാഫിയയാണ് പിന്നിൽ. അമിത ബില്ലിന്റെ ഭാരംചുമക്കാൻ ജനജീവിതം പിന്നെയും ബാക്കി.

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 41 ശതമാനവും സ്വകാര്യ നിലയങ്ങളിൽ നിന്ന് വാങ്ങുന്നതാണ്. കൂടുതൽ വാങ്ങാൻ വർഷാവർഷം റെഗുലേറ്ററി കമ്മിഷന്റെ അനുമതി നേടിയെടുക്കും. 8823 കോടി രൂപയാണ് സ്വകാര്യവൈദ്യുതിക്ക് വർഷം ചെലവ്.

800 മെഗാവാട്ടിന്റെ ഇടുക്കി രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി കിട്ടിയത് ഒരു വർഷം മുൻപ്. പക്ഷേ,​ തുടർ നടപടിയില്ല. 300 മെഗാവാട്ടിന്റെ മൂഴിയാർ പദ്ധതിക്ക് സംസ്ഥാന സർക്കാർ പച്ചക്കൊടികാട്ടിയിട്ടും അനക്കമില്ല.

വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരമായി വിദഗ്ദ്ധ സമിതി നിർദ്ദേശിച്ച 3000 മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്കും സർക്കാർ അനുമതി നൽകി. വൈദ്യുതി ഉത്പാദന ശേഷം ഇപ്പോൾ ഒഴുക്കിക്കളയുന്ന ജലം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്നതാണ് പമ്പ്ഡ് സ്റ്റോറേജ്.

പമ്പ്ഡ് സ്റ്റോറേജിലൂടെ ഇടുക്കിയിൽ 700, പള്ളിവാസലിൽ 600,​ മുതിരപ്പുഴയിൽ 100, പലകപ്പാണ്ടിയിൽ 150,​ സീതാർക്കുന്നിൽ 400,​ ചാലിയാറിൽ 360,​ അമൃതപമ്പയിൽ 300, മറയൂരിൽ 160,​ ഇടമലയാറിൽ 180 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം.

ഇഴഞ്ഞിഴഞ്ഞ് 96

ചെറുകിട പദ്ധതികൾ

 60 മെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള പള്ളിവാസൽ 17 വർഷമായി നിർമ്മാണത്തിൽ

 3 മെഗാവാട്ടിന്റെ വഞ്ചിയം പദ്ധതി നിർമ്മാണം 31 വർഷമായി നീളുകയാണ്

 40 മെഗാവാട്ടിന്റെ തോട്ടിയാർ പൂർത്തിയായിട്ടും കമ്മിഷൻ ചെയ്യുന്നില്ല

 24 മെഗാവാട്ടിന്റെ ഭൂതത്താൻകെട്ട് കരാറുകാരനുമായുള്ള തർക്കത്തിൽ മുടങ്ങിയിട്ട് 2 വർഷം

777 മെഗാവാട്ട്

96 ചെറുകിട

പദ്ധതികളിലൂടെ ലക്ഷ്യം

മന്ത്രി ഇടപെട്ടു;

കര്യം നടന്നു

വൈദ്യുതി മന്ത്രിയുടെ കർശ നിർദ്ദേശം കൊണ്ടുമാത്രം കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചില കുഞ്ഞു പദ്ധതികൾ പൂർത്തിയാക്കി. 2 മെഗാവാട്ടിന്റെ അപ്പർകല്ലാർ, 24ന്റെ പെരിങ്ങൽകുത്ത്, 6ന്റെ പെരുവണ്ണാമൂഴി, 8ന്റെ ആനക്കാംപൊയിൽ, 4ന്റെ അരിപ്പാറ, 6 മെഗാവാട്ടിന്റെ ചാത്തൻകോട്ടുതറ എന്നിവയാണിവ.

Advertisement
Advertisement