പ്ളസ് വൺ : ജില്ലയിൽ ഇഷ്ടംപോലെ സീറ്റ്, ഇഷ്ടവിഷയവും സ്കൂളും കിട്ടിയേക്കില്ല

Wednesday 29 May 2024 12:32 AM IST

പത്തനംതിട്ട : പ്ലസ് വണ്ണിന് ജില്ലയിൽ അപേക്ഷകരേക്കാൾ ഏറെ സീറ്റുകളുണ്ടെങ്കിലും ഇഷ്ടവിഷയത്തിൽ ഇഷ്ടപ്പെട്ട സ്കൂളിൽ പ്രവേശനം ലഭിക്കണമെന്നില്ല. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും വെയ്‌റ്റേജ് അടിസ്ഥാനമാക്കി മാത്രമേ ഇഷ്ടവിദ്യാലയത്തിൽ പ്രവേശനം ഉറപ്പിക്കാനാകൂ. ഗ്രേഡിനൊപ്പം മാതൃവിദ്യാലയം, പഞ്ചായത്ത്, താലൂക്ക്, ഗ്രേസ് മാർക്കുകൾ ഇവയെ അടിസ്ഥാനമാക്കി പോയിന്റുകൾ നിശ്ചയിക്കും. ഇത് കണക്കാക്കുമ്പോൾ പലരും പിന്തള്ളപ്പെടുന്ന സാഹചര്യമാണുള്ളത്. ആദ്യ അലോട്ട്‌മെന്റിൽ തന്നെ ഇഷ്ടവിദ്യാലയവും ഇഷ്ടവിഷയവുമൊക്കെ ഉറപ്പിക്കാനായില്ലെങ്കിലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ ഇത് സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

ജില്ലയിൽ പ്ളസ് വണ്ണിന് അപേക്ഷിച്ചവർ : 1385.

എസ്.എസ്.എൽ.സിക്കാർ : 12677

സി.ബി.എസ്.ഇ : 948

ഐ.സി.എസ്.ഇ : 136

ഇതര സംസ്ഥാന ബോർഡുകളിൽ പഠിച്ചവർ : 89

ജില്ലയ്ക്കു പുറത്തുനിന്നുള്ളവർ : 3361

സീറ്റുകൾ : 14702

9736 സീറ്റുകളിൽ ഏകജാലക പ്രവേശനം, പിന്നീടുള്ളത് മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് സീറ്റുകൾ, സ്‌പോർട്‌സ് ക്വാട്ടായിൽ : 291

3200 സീറ്റുകൾ ഒഴിഞ്ഞു കിടന്നു

കഴിഞ്ഞവർഷം ജില്ലയിൽ 3200 മെറിറ്റ് സീറ്റുകളിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. ഒന്നിൽ കൂടുതൽ ജില്ലയിൽ അപേക്ഷിച്ചവർക്ക് എല്ലാ ജില്ലകളിലും ഒരേസമയം അലോട്ട്‌മെന്റ് ലഭിച്ചാൽ ഇഷ്ടമുള്ള ജില്ലയിൽ പ്രവേശനം നേടാം. അതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകൾ റദ്ദാകും. പ്രവേശനം നേടിയ ജില്ലയിൽ ആവശ്യമെങ്കിൽ താത്കാലിക പ്രവേശനം നേടിയ ശേഷം അതേ ജില്ലയിൽ മെച്ചപ്പെട്ട ഓപ്ഷനുകൾക്കായും കാത്തിരിക്കാം.

Advertisement
Advertisement