ആരോഗ്യ ഇൻഷ്വറൻസ് വിൽക്കാൻ ഒരുങ്ങി എൽ.ഐ.സി

Wednesday 29 May 2024 12:16 AM IST

കൊച്ചി: രാജ്യത്തെ മുൻനിര പൊതുമേഖല കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) ആരോഗ്യ ഇൻഷ്വറൻസ് മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുന്നു. ആരോഗ്യ ഇൻഷ്വറൻസ് രംഗത്തെ അനുയോജ്യരായ ഇൻഷ്വറൻസ് കമ്പനികളെ ഏറ്റെടുത്ത് പ്രവർത്തനം വ്യാപിപ്പിക്കാനാണ് എൽ.ഐ.സി തയ്യാറെടുക്കുന്നത്. ലൈഫ്, ഹെൽത്ത് ഇൻഷ്വറൻസ് ഉത്പന്നങ്ങൾ സംയുക്തമായി വിൽക്കാൻ കഴിയും വിധം നിയമങ്ങളിൽ മാറ്റമുണ്ടായാൽ ഏറ്റെടുക്കൽ സാദ്ധ്യത ഗൗരവമായി പരിഗണിക്കുമെന്ന് എൽ.ഐ.സി ചെയർമാൻ സിദ്ധാർത്ഥ് മൊഹന്തി പറഞ്ഞു.

ഇൻഷ്വറൻസ് മേഖലയിൽ കൂടുതൽ കാര്യക്ഷമത സൃഷ്ടിക്കുന്നതിനായി ഒരു കമ്പനിക്ക് തന്നെ ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷ്വറൻസ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് അനുയോജ്യമായ തരത്തിൽ ഇൻഷ്വറൻസ് ആക്‌ടിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇൻഷ്വറൻസ് ഉത്പന്നങ്ങൾ ഒരു കമ്പനിയിൽ നിന്നും ലഭ്യമാക്കുന്ന തരത്തിൽ നിയമത്തിൽ മാറ്റം വരുത്തണമെന്ന് പാർലമെന്ററി സമിതി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു.

നിലവിലെ നിയമം

1938ലെ ഇൻഷ്വറൻസ് ആക്ടും ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ(ഐ.ആർ.ഡി.എ.ഐ) ചട്ടങ്ങളുമനുസരിച്ച് ലൈഫ്, ജനറൽ, ഹെൽത്ത് ഇൻഷ്വറൻസ് ഉത്പന്നങ്ങൾ ഒരു കമ്പനിക്ക് തന്നെ വിൽക്കാനാകുന്ന കോമ്പോസിറ്റ് ലൈസൻസ് നൽകാൻ വ്യവസ്ഥയില്ല. അതിനാൽ ലൈഫ് ഇൻഷ്വറൻസ് കമ്പനികൾക്ക് നിലവിൽ ഹോസ്പിറ്റലൈസേഷൻ, നഷ്ടപരിഹാരം എന്നിവ കൈകാര്യം ചെയ്യുന്നതിന് നിയമ ഭേദഗതി വരുത്തേണ്ടതുണ്ട്.

വിപുലമായ വളർച്ച സാദ്ധ്യത

ഇന്ത്യയിലെ ഇൻഷ്വറൻസ് സേവനങ്ങളുടെ ലഭ്യത വളരെ കുറവാണെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ രാജ്യത്തെ മൊത്തം ചികിത്സാ ചെലവിന്റെ മൂന്ന് ശതമാനം മാത്രമാണ് ആരോഗ്യ ഇൻഷ്വറൻസിലൂടെ കവർ ചെയ്യുന്നത്. 2023 മാർച്ച് വരെ 2.3 കോടി ഇൻഷ്വറൻസ് പോളിസികളാണ് വിറ്റഴിച്ചിട്ടുള്ളത്. ഇതിൽ സിംഹഭാഗവും സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയുള്ള ഇൻഷ്വറൻസ് കവറേജാണ്.

കേന്ദ്ര സർക്കാരിലേക്ക് ലാഭവിഹിതമായി എൽ.ഐ.സി നൽകുന്നത്

3,662 കോടി രൂപ

Advertisement
Advertisement