'ആനക്കാരെ' ചട്ടം പഠിപ്പിക്കാൻ ഗണേശ മന്ത്രങ്ങൾ

Wednesday 29 May 2024 3:25 AM IST

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ജീവനക്കാരെ മര്യാദരാമന്മാരാക്കാൻ ഫേസ്ബുക്കിൽ സാരോപദേശ വീഡിയോയുമായി മന്ത്രി കെ. ബി. ഗണേശ്കുമാർ. ഡ്യൂട്ടിസമയത്ത് കള്ള്കുടിച്ച് സ്വയം നാറരുതെന്നും സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരോട് മര്യാദ വേണമെന്നുമൊക്കെ കണ്ടക്ടർമാരെ മന്ത്രി ഓർമ്മിപ്പിക്കുന്നു.

യാത്രക്കാരാണ് യജമാനന്മാർ. അവരോട് സ്‌നേഹത്തോടെ പെരുമാറണം. ഹൃദയം കൊണ്ടൊന്നും സ്‌നേഹിക്കണ്ട. സ്ത്രീകളോടും വൃദ്ധരോടും കുഞ്ഞുങ്ങളോടും ഭിന്നശേഷിക്കാരോടും മര്യാദ വേണം. ബസിൽ കയറുന്നവരോട് കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ എന്നൊന്നും ചോദിക്കണ്ട. അനാവശ്യ ചോദ്യങ്ങളൊന്നും വേണ്ട. സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാം. അത് ഈ രാജ്യത്തെ നിയമമാണ്.

സ്വിഫ്ട് ജീവനക്കാരെ കുറിച്ച് മോശം കാര്യങ്ങൾ കേൾക്കുന്നുണ്ട്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ കണ്ടക്ടർ സീറ്റിൽ ഇരുന്ന വൃദ്ധനെ എഴുന്നേൽപ്പിച്ചു. സ്വന്തം അച്ഛനാണെങ്കിൽ ഇത് ചെയ്യുമോ. സീറ്റ് മാറിക്കൊടുത്ത കണ്ടക്ടർമാരുമുണ്ട്.

സ്ത്രീകൾക്കായി രാത്രി എട്ടിന് ശേഷം സ്റ്റോപ്പല്ലെങ്കിലും നിർത്തണം. അവരെ വീടിന് ദൂരത്ത് ഇറക്കി ഓട്ടോ പിടിച്ച് പോകേണ്ട ഗതിയുണ്ടാക്കരുത്. ബസ് ടിക്കറ്റിനേക്കാൾ കൂടുതൽ ഓട്ടോ ചാർജ്ജ് കൊടുക്കണം. സ്ത്രീകൾക്കായി സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തിയതിന് ഒരു മേലുദ്യോഗസ്ഥനും നിങ്ങളെ ശകാരിക്കില്ല. അങ്ങനെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെതിരെ ഞാൻ നടപടിയെടുക്കും.

കള്ളിന്റെ നാറ്റം യാത്രക്കാർ സഹിക്കില്ല.

കണ്ടക്ടർമാർ മദ്യപിച്ചാൽ ദുർഗന്ധം പ്രശ്നമാകും. മദ്യപിച്ച് ഡ്യൂട്ടിക്ക് വരരുത്. മദ്യപിക്കുന്നത് കുറ്റമാണെന്ന് പറയില്ല. അതിന്റെ ഗന്ധം യാത്രക്കാർ ഇഷ്ടപ്പെടില്ല. പ്രത്യേകിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും. കഷ്ടപ്പെട്ടാണ് കെ.എസ്.ആർ.ടി.സിയെ വളർത്തുന്നത്. അവിടെ നിങ്ങളുടെ വില കളയരുത്.''

ദു‌ർഗന്ധമില്ലാത്ത ഐറ്റം കഴിച്ചാൽ പ്രശ്നമില്ലല്ലോ എന്ന കമന്റുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

നാല് ഭാഗമുള്ള വീഡിയോ

എനിക്ക് ചിലത് പറയാനുണ്ട് എന്ന പേരിൽ നാലുഭാഗമുളള വീഡിയോയുടെ ആദ്യഭാഗമാണ് ഇന്നലെ പുറത്തുവിട്ടത്. ബിജുപ്രഭാകർ സി.എം.ഡിയായിരുന്നപ്പോഴും തുടർ വീഡിയോകൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. വിവാദമായതോടെ അവസാന ഭാഗം പുറത്തുവിട്ടില്ല.

Advertisement
Advertisement